Sports News
രഞ്ജി ട്രോഫിയില്‍ കേരളത്തിന് പ്രതീക്ഷ, ഭയപ്പെടുത്തിയവനെ തിരിച്ചയച്ച് ബേസില്‍; രണ്ടാം ദിനം വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 05:55 am
Thursday, 27th February 2025, 11:25 am

രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ വിദര്‍ഭയ്‌ക്കെതിരെ മികച്ച പ്രകടനവുമായി കേരളം. നാഗ്പൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 254 എന്ന നിലയിലായിരുന്നു വിദര്‍ഭ.

എന്നാല്‍ നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് വിദര്‍ഭ നേടിയത്. വിദര്‍ഭയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഡാനിഷ് മലേവാറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ബേസില്‍ നെടുമന്‍കുഴിയിലാണ് വിക്കറ്റ് നേടിയത്. കേരളത്തിന് വെല്ലുവിളയായ ഡാനിഷിനെ തകര്‍പ്പന്‍ ബൗളിലൂടെയാണ് താരം പുറത്താക്കിയത്.

ടീം സ്‌കോര്‍ 290ല്‍ നില്‍ക്കയാണ് ഡാനിഷ് കളം വിട്ടത്. 285 പന്തില്‍ നിന്ന് 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 153 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറകെ ഇറങ്ങിയ യാഷ് താക്കൂറിനേയും ബേസില്‍ എല്‍.ബി.ഡബ്ല്യുവിലൂടെ പുറത്താക്കി. 60 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയാണ് യാഷ് കൂടാരം കയറിയത്. തുടര്‍ന്ന് യാഷ് റാത്തോഡിനെ രോഹന്‍ കുന്നുമ്മലിന്റെ കയ്യിലെത്തിച്ച് ഈഡന്‍ ആപ്പിള്‍ ടോം തന്റെ രണ്ടാം വിക്കറ്റും നേടി.

നിലവില്‍ ക്രീസില്‍ തുടരുന്നത് വിദര്‍ഭയുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വഡ്ക്കറും (9)* അക്ഷയ് കര്‍ണേവാറുമാണ് (2)*.

മത്സരത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീണു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ കേരളം വിദര്‍ഭയുടെ ആദ്യ രക്തം ചിന്തി. ഓപ്പണര്‍ പാര്‍ത്ഥ് രേഖാഡെയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി എം.ഡി. നിധീഷ് വേട്ട തുടങ്ങി.

വണ്‍ ഡൗണായെത്തിയ ദര്‍ശന്‍ നാല്‍ക്കണ്ഡേയായിരുന്നു നിധീഷിന്റെ അടുത്ത ഇര. ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ 21 പന്തില്‍ ഒരു റണ്ണുമായി നാല്‍ക്കണ്ഡേ പുറത്തായി. ഡാനിഷ് മലേശ്വര്‍ എന്ന 21കാരനാണ് ശേഷം ക്രീസിലെത്തിയത്.

ധ്രുവ് ഷൂരേയെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ച മലേവറിനെ അതിന് അനുവദിക്കാതെ കേരളം മൂന്നാം വിക്കറ്റും സ്വന്തമാക്കി. 35 പന്തില്‍ 16 റണ്‍സുമായി ഷൂരെയെ മടക്കി ഈഡന്‍ ആപ്പിള്‍ ടോം വിദര്‍ഭയ്ക്ക് അടുത്ത തിരിച്ചടി നല്‍കി. 188 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സും നേടിയ കരുണ്‍ നായരെ മുഹമ്മദ് അസറുദ്ദീന്‍ റണ്‍ ഔട്ടിലും കുരുക്കി.കേരളത്തിന് വേണ്ടി എം.ഡി. നിധീഷ്, ഈഡന്‍ ആപ്പിള്‍ ടോം, നെടുമന്‍കുഴി ബേസില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

 

Content Highlight: Kerala Take 3 Wickets In Day Two In Ranji Trophy Final Agaist Vidarbha