തിരുവനന്തപുരം: കേരള സ്‌റ്റോറി വിവാദത്തില്‍ പ്രതികരണവുമായി മലപ്പുറത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയുമായിരുന്ന ഡോ.എം. അബ്ദുല്‍ സലാം. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കേരള സ്റ്റോറിയെന്ന സിനിമ തന്നെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സിനിമ ഞാന്‍ കണ്ടിട്ടില്ല. മുസ്‌ലിങ്ങള്‍ക്കിടയില്‍ സിനിമ അസ്വസ്ഥത ഉണ്ടാക്കിയെന്നത് വസ്തുതാപരമായ കാര്യമാണ്. സിനിമയെ പാര്‍ട്ടി പിന്തുണക്കുന്നുണ്ട്. എന്നാല്‍ ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സമയത്ത് സിനിമ കൊണ്ട് വന്നത് മലപ്പുറം പോലെ 70 ശതമാനം മുസ്‌ലിം ന്യൂനപക്ഷമുള്ള സ്ഥലത്തെ സ്ഥാനാര്‍ത്ഥിയെ തീര്‍ച്ചയായും ബാധിക്കും,’ അബ്ദുല്‍ സലാം പറഞ്ഞു.
അയോധ്യ വിഷയം കത്തിച്ചു, ഗ്യാന്‍വാപി കത്തിച്ചു, സി.എ.എ കത്തിച്ചു. ഇപ്പോള്‍ കേരള സ്‌റ്റോറിയും കത്തിക്കുകയാണ്. ഇതിന്റെ ചൂടില്‍ പൊരിയുന്നത് മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയായ താനാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്‌റ്റോറി വിവാദമാക്കിയത് ഈ സമയത്ത് അല്ലായിരുന്നെങ്കില്‍ ആ ചൂട് കുറഞ്ഞേനെയെന്നും അബ്ദുല്‍ സലാം പറഞ്ഞു.കൂട്ടിച്ചേർത്തു.
കാണാത്ത സിനിമയെ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസിന്റെ സമയത്ത് വീട് കയറിയിറങ്ങിയ ബി.ജെ.പി നേതാക്കള്‍ ഈദിന് എന്ത് കൊണ്ട് അങ്ങനെ ചെയ്തില്ലെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.
അത് ശരിയായ നടപടിയായി തനിക്ക് തോന്നിയിരുന്നില്ല. ക്രിസ്മസിന്റെ സമയത്ത് അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈദിന്റെ സമയത്ത് മുസ്‌ലിങ്ങളുടെ വീടും സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ എന്ത് കൊണ്ട് അത് ചെയ്തില്ല എന്നതിന് ഉത്തരം നല്‍കാന്‍ താന്‍ ശക്തനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.