തിരുവനന്തപുരം: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് ഐക്യദാര്‍ഢ്യവുമായി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. കനത്തമഴയെ തുടര്‍ന്ന് നിരവധിപേര്‍ മരിക്കാനിടയായതില്‍ ദലൈലാമ ദുഃഖം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയെനെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.
‘സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്റെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി ഞാന്‍ വാഗ്ദാനം ചെയ്യുന്നു,’ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ദലൈലാമ പറഞ്ഞു.
മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പമ്പ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്.