ഇടുക്കി: ശനിയാഴ്ച രാവിലെ മുതല്‍ ശക്തമായി പെയ്യുന്ന മഴയില്‍ ഇടുക്കി ജില്ലയിലും ഉരുള്‍പൊട്ടല്‍. കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരെ കാണാതായി. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
രാവിലെയുണ്ടായ ഉരുള്‍പൊട്ടല്‍ പുറംലോകമറിഞ്ഞത് വൈകീട്ടാണ്. രക്ഷപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ലെന്ന് എം.പി ഡീന്‍ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊക്കയാര്‍ പഞ്ചായത്തില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കൊക്കയാര്‍ പഞ്ചായത്തില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.
നാരകം പുഴ- മാക്കോച്ചി കല്ലേപ്പാലം റോഡിന്റെ നടുവിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏഴ് വീടുകള്‍ പൂര്‍ണ്ണമായി മണ്ണിനടിയിലായെന്നും എം.പി പറഞ്ഞു.
ഏഴ് പേര്‍ മണ്ണിനടിയിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നതെന്ന് ഡീന്‍ കൂര്യാക്കോസ് എം.പി പറയുന്നു.
കോട്ടയം കൂട്ടിക്കലിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഇവിടെ ആറ് പേര്‍ മരിച്ചതായും നാല് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു.
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടലുണ്ടായി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു.
പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം – അടിവാരം മേഖലയില്‍ വെള്ളം കയറി.
പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത.