തിരുവനന്തപുരം: പൊലീസിന്റെ പക്കലുണ്ടായിരുന്ന റൈഫിളുകളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ.ജി റിപ്പോര്‍ട്ട് വിവാദമായതിനു പിന്നാലെ ഉണ്ടകള്‍ ഉരുക്കിവിറ്റെന്ന റിപ്പോര്‍ട്ട്. ന്യൂസ് 18 കേരളയാണ് ഉണ്ടകള്‍ ഉരുക്കി വിട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
ഒരു സംഘം പൊലീസുകാര്‍ ഉണ്ടകള്‍ ഉരുക്കി ഈയമെടുത്തു വില്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത് നടന്നതെന്നും പറയുന്നു.
ഉണ്ട കാണാതായി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.
അന്വേഷണത്തിനിടെ ഒരു സംഘം പൊലീസുകാര്‍ തന്നെ വെടിയുണ്ടകള്‍ ഉരുക്കിവിറ്റെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് ലഭിക്കുകയായിരുന്നു. ഇത് കേസിനെ വഴിതിരിച്ചുവിടാനുള്ള നീക്കമാണോ എന്നും അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല. 183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.