ഇടത് ഭരണകൂടം നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പാണ് കേരളപ്പൊലീസ് ഭരിക്കുന്നതെങ്കിലും സംഘപരിവാറിനലുകൂലമായ നടപടികളാണ് കാലങ്ങളായി സ്വീകരിക്കുന്നതെന്ന ആരോപണം പരക്കെയുണ്ട്. സമീപകാല ചരിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് ആരോപണമല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും മനസ്സിലാക്കാനാകും. അതുകൊണ്ട് തന്നെ കേവലം ആരോപണമെന്ന പേരില്‍ തള്ളികളയേണ്ടതല്ല പൊലീസിലെ സംഘപരിവാര്‍ വല്‍ക്കരണം.
കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിയായ പെട്രോള്‍ വിലവര്‍ധനവിനെതിരെയാണ് സി.പി.ഐ.യുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. പഞ്ചിങ് മോദി ചലഞ്ചുമായി രംഗത്ത് വന്നത്. ഇതിന്റെ ഭാഗമായി ആലപ്പുഴയിലും പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍പരിപാടിക്കിടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുകയും എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പക്ഷെ സംഘര്‍ഷത്തിന് കാരണക്കാരായ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ കരുതല്‍തടങ്കലില്‍ വെച്ച് വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം കമലിന്റെ വീട് ഉപരോധിച്ച് യുവമോര്‍ച്ചാ പ്രവവര്‍ത്തകര്‍ പ്രതിഷേധാത്മകമായി ദേശീയഗാനം ആലപിച്ചപ്പോള്‍ അന്യായമായി റോഡ് ഉപരോധിച്ചുവെന്ന പെറ്റികേസാണ് ചുമത്തിയത്. പ്രതിഷേധാത്മകമായി ദേശീയഗാനം ആലപിക്കരുതെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിധിയനുസരിച്ച് കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.
തളിക്കുളം സ്വദേശി ദേശീയഗാനത്തെ അപമാനിച്ചതിനെതിരെയാണ് പരാതി നല്‍കിയത്. പക്ഷെ എഫ്.ഐ.ആറില്‍ റോഡ് ഉപരോധിച്ചതിന് മാത്രമായിരുന്നു കേസ്. സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ വിശദീകരണം അവര്‍ നിന്നുകൊണ്ടാണ് ദേശീയഗാനം ആലപിച്ചത്. അതുകൊണ്ട് തന്നെ ദേശീയ പതാക അവഹേളനത്തിന് കേസെടുക്കേണ്ടതില്ല എന്നാണ്.
എന്നാല്‍ സമാന സ്വഭാവമുള്ള കേസില്‍ കമല്‍.സി.ചാവറയ്‌ക്കെതിരെ പൊലീസെടുത്ത നടപടി അങ്ങേയറ്റം നിയമവിരുദ്ധമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയത്.
നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകവേ വാഹനം തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. എന്നാല്‍ നവംബര്‍ 26ന് പ്രതിഷേധ സംഗമം നടത്തിയ ഗ്രോ വാസു അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് കലാപത്തിനുള്ള ശ്രമം, നിയമ വിരുദ്ധമായി സംഘം ചേരല്‍ എന്നിവയ്ക്ക് കേസെടുക്കുകയും ചെയ്തു.
നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 3ന് പടുക്ക സ്റ്റേഷനുമുന്നില്‍ ഉണ്ടായതാണ് മറ്റൊരു സംഭവം. ഫാക്ട് ഫൈന്‍ഡിങ് മിഷനുമായി അന്നവിടെയെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ തടഞ്ഞത് ആര്‍.എസ്.എസ്./ബി.ജെ.പി പവര്‍ത്തകരാണ്. നാട്ടുകാരുമായി സംസാരിക്കാന്‍ അവരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. അന്നേ ദിവസം മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളതിന് തെളിവാണ്. തടഞ്ഞവര്‍െക്കതിരെ 143,147 ഐ.പി.സി സെക്ഷനുകള്‍ പ്രകാരം കേസെടുക്കാന്‍ നിയമ സാഹചര്യമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല.
ഇതേ പൊലീസ് വ്യാജ ഏറ്റമുട്ടല്‍ പ്രതിഷേധ പ്രകടനം നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന് 143,148, 283 കേസുകള്‍ പ്രകരമാണ് കേസെടുത്തത്. നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.എം. ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയായിരുന്നു കേസ്.
ALSO READ:അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടു; ഗുരുതര ആരോപണവുമായി ട്രംപ്
14.11.2016.നായിരുന്നു കാസര്‍കോഡ് സമസ്ത കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ റാലി നടന്നത്. ഈ സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചെന്നാരോപിച്ച് 1156/2016 ക്രൈം നമ്പറില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 143,145,147,153,283 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുസ്ലീം വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ കലാപശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതു സമൂഹത്തില്‍നിന്ന പരാതിയില്ലാത്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ് എസ്.ഐ.ആണ് പരാതിക്കാരന്‍.
പൊലീസിലെ കാവിവല്‍ക്കരണത്തിന് മറ്റൊരു ഉദാഹരണമാണ് ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ഗൂഢാലോചന മാത്രം ആരോപിച്ച് യു.എ.പി.എ ചുമത്തിയത്. അതേസമയം ഇസ്ലാമിലേക്ക് മതം മാറിയതിന് ഫൈസലിനെ കൊലപ്പെടുത്തിയ ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയില്ല.
റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖത്തിനിടെയാണ് ദേശീയ പതാകയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഹിന്ദു ഐക്യ വേദി നേതാവ് വി.കെ.ശശികല നടത്തിയത്. ഗവണ്‍മെന്റ് മുന്‍ പ്ലീഡറായ ഷുക്കൂര്‍ തെളിവുകളടക്കം ഹാജരാക്കിയിട്ടും നടപടിയുണ്ടായില്ല. എന്നാല്‍ സമാന സ്വഭാവമുള്ള പരാതിയില്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര്‍.റജിസ്റ്റര്‍ ചെയ്തത്.