പൊയ്മുഖങ്ങളുമായി സമീപിക്കുന്നവർ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല; കേരള പൊലീസിന്റെ മുന്നറിയിപ്പ്
Kerala News
പൊയ്മുഖങ്ങളുമായി സമീപിക്കുന്നവർ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല; കേരള പൊലീസിന്റെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 8:36 pm

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ടിക് ടോക്- റീല്‍സ് താരം വിനീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഫേക്ക് അക്കൗണ്ടുകളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളില്‍ നിന്നുവരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ കഴിവതും സ്വീകരിക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.


സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ വാങ്ങാന്‍ ഒപ്പം ചെല്ലാനാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും ലഭിച്ചിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ടിക് ടോകില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും വീഡിയോകളിട്ടിരുന്നു. വീട്ടമ്മമാരെയും പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി.

പൊലീസില്‍ ജോലി ചെയ്തിരുന്ന താന്‍ ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ജോലി രാജിവെച്ചു എന്നും നിലവില്‍ ഒരു ചാനലില്‍ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന സമയത്ത് യുവതികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് പൊലീസ് പറയുന്നത്.

വിനീതിനെതിരെ കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസുമുള്ളതായും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ് വിനീത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്.

 

Content Highlight: Kerala Police facebook post gives warning after the arrest of Instagram reels star Vineeth on rape case