തിരുവനന്തപുരം: തൊപ്പി എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കേരള പൊലീസ്. രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രസ്താവനയിറക്കി.
‘തൊപ്പി അറസ്റ്റില്‍..
രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും. ഇത്തരത്തില്‍ നേടുന്ന തുക നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പൊലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്,’ പൊലീസ് പറഞ്ഞു.
തൊപ്പിയുടെ വീഡിയോകളെയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോകളെയും കൂട്ടിച്ചേര്‍ത്ത് ട്രോള്‍ രൂപത്തിലുള്ള വീഡിയോയും ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അനുകരണീയമായ മാതൃകയല്ലെന്നും മാതൃകകള്‍ നന്മയുടേതാകണമെന്നും വീഡിയോയിലൂടെ പൊലീസ് പറയുന്നു.
അതേസമയം നിഹാലിന് വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വളാഞ്ചേരി പൊലീസ് നിഹാലിനെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്.
ഈ മാസം 17ന് വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.
നിഹാലിനെതിരെ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് ഐ.ടി. ആക്ട് 67 പ്രകാരം യൂട്യൂബര്‍ നിഹാലിനെതിരെ പുതിയ കേസെടുത്തത്. ടി.പി. അരുണിന്റെ പരാതിയിലാണ് നടപടി. നിഹാലിനെ വളാഞ്ചേരി പൊലീസ് ഇന്ന് വൈകീട്ടോടെ കണ്ണപുരം പൊലീസിന് കൈമാറും.