വിജയ് ഹസാരെ ട്രോഫിയില്‍ ബെംഗളൂരുവിലെ ആളൂരില്‍ നടന്ന മുംബൈയും കേരളവും തമ്മിലുള്ള മത്സരത്തില്‍ കേരളം എട്ടുവിക്കറ്റിന് പരാജയപ്പെട്ടു. ഗ്രൂപ്പ് എയില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിനിങ്ങിനയക്കുകയായിരുന്നു. കേരളം 49.1 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിനിങ്ങനിറങ്ങിയ മുംബൈ മഴമൂലം കളി ചുരുക്കിപ്പോള്‍ 160 റണ്‍സ് എന്ന വിജയലക്ഷ്യത്തില്‍ 24.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എത്തിച്ചേരുകയായിരുന്നു.
അങ്കൃഷ് രഘുവാന്‍ഷി 47 പന്തില്‍ മൂന്ന് സിക്‌സറും 5 ബൗണ്ടറികളും അടക്കം 57 റണ്‍സും ജയ് ബിസ്ത 44 പന്തില്‍ 3 ബൗണ്ടറികളടക്കം 30 റണ്‍സും പാര്‍ക്കര്‍ 36 പന്തില്‍ 27 റണ്‍സും നേടി മുംബൈയെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. ഇരുപത് പന്തില്‍ നാല് സിക്‌സര്‍ അടക്കം 34 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ 170 സ്‌ട്രൈക്ക് റേറ്റില്‍ മിന്നും പ്രകടനമാണ് മുംബൈയ്ക്ക് വേണ്ടി കാഴ്ചവച്ചത്. കേരളത്തിനുവേണ്ടി ബേസില്‍ തമ്പിക്ക് മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിച്ചത്. അങ്കൃഷ് രഘുവാന്‍ഷിയെ ആണ് ബേസില്‍ തമ്പി പുറത്താക്കിയത്.
കേരളത്തിനുവേണ്ടി സച്ചിന്‍ ബേബി 134 പന്തില്‍ രണ്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും അടക്കം 104 റണ്‍സ് എടുത്തു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ സീസണിലെ വിജയ് ഹസാരാ ട്രോഫിയില്‍ തന്റെ ആദ്യ സെഞ്ച്വറി ആണ് സച്ചിന്‍ നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ തന്റെ നാലാമത്തെ സെഞ്ച്വറി ആണ് സച്ചിന്‍ ഇതിനോടകം നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 83 പന്തില്‍ രണ്ടു സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം 55 റണ്‍സ് നേടി അര്‍ദ്ധ സെഞ്ച്വറിയും നേടി. 12 റണ്‍സ് നേടിയ അബ്ദുല്‍ ബാസിതും 20 റണ്‍സ് നേടിയ വിഷ്ണു വിനോദുമാണ് കേരളത്തിനുവേണ്ടി രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. സച്ചിന്‍ ബേബിയുടെ സെഞ്ച്വറിക്കും ക്യാപ്റ്റന്‍ സഞ്ജുവിന്റെ അര്‍ധ സെഞ്ചുറിക്കും കേരളത്തിലെ രക്ഷിക്കാനായില്ല. സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മുംബൈയുടെ ബൗളിങ്ങില്‍ കേരളം പതറുകയായിരുന്നു. മുംബൈയ്ക്ക് വേണ്ടി തുഷാര്‍ ദേശ് പാണ്ഡെ 56 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും മോഹിത് ആവാസ്തി 28 റണ്‍സ് വിട്ടുകൊടുത്തു ഒരു മെയ്ഡന്‍ ഓവര്‍ അടക്കം നാല് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.