തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ ബി.ജെ.പി മേയര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. വോട്ടുകള്‍ എണ്ണി തുടങ്ങിയ സമയം മുതല്‍ കുട്ടന്‍കുളങ്ങരയില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണന് ലീഡ് നേടാനായിരുന്നില്ല. 241 വോട്ടിനാണ് ഗോപാലകൃഷ്ണന്‍ തോറ്റത്.
തപാല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ബി. ഗോപാലകൃഷ്ണന്‍ പിന്നിലായിരുന്നു.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ഗോപാലകൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സി.പി.ഐ.എം കോണ്‍ഗ്രസിന് വോട്ടു മറിച്ചെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
‘ഞാന്‍ മത്സരിച്ച ഡിവിഷനില്‍ 283 വോട്ട് കോണ്‍ഗ്രസിന് നല്‍കി, മൂന്നാം ഡിവിഷനില്‍ സി.പി.ഐ.എമ്മിന് മറുപടിയായി 150 വോട്ട് കോണ്‍ഗ്രസ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്. സി.പി.ഐ.എം-കോണ്‍ഗ്രസ് വോട്ടു കച്ചവടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണ്’ എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.
941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക