കോഴിക്കോട്: കേരളാ കൗമുദിയുടെ കോഴിക്കോട്ടെ സ്വത്ത് കല്ല്യാണ്‍ സില്‍ക്‌സിന് വിറ്റു. കോഴിക്കോട് തൊണ്ടയാട് കേരളാ കൗമുദി പത്രത്തിന്റെ ഉടമസ്ഥതയിലുള്ള 1.20 ഏക്കര്‍ സ്ഥലമാണ് വിറ്റത്. വളരെ തുച്ഛമായ വിലയ്ക്കാണ് സ്ഥലം വിറ്റതെന്നും തങ്ങളുടെ അറിവോടുകൂടിയല്ല വില്‍പ്പന നടന്നതെന്നും ഷെയര്‍ഹോള്‍ഡേഴ്‌സ് ആരോപിക്കുന്നു.
നെല്ലിക്കോട് വില്ലേജ് ഓഫീസില്‍ 16.11.2016ലാണ് സ്ഥലം വില്‍പ്പന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12കോടി രൂപയ്ക്കാണ് വില്‍പ്പന നടന്നത്. കേരള കൗമുദി ഷെയര്‍ ഹോള്‍ഡേഴ്‌സിലൊരാളും മാനേജിങ് ഡയറക്ടറുമായ എം.എസ് രവി പ്ലാമൂഡിന്റെ മകന്‍ ദീപു രവിയാണ് വിലല്‍പ്പന നടത്തിയതെന്ന് രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ഡൂള്‍ന്യൂസിനു ലഭിച്ച രേഖകളില്‍ പറയുന്നു.
കല്ല്യാണ്‍ സില്‍ക്‌സിനുവേണ്ടി ഉടമ ടി.എസ് പട്ടാഭിരാമന്റെ മകന്‍ ടി. സീതാരാമനാണ് വസ്തു വാങ്ങിയതെന്നും രേഖകളില്‍ പറയുന്നു.
സുപ്രീം കോടതി വിധി പ്രകാരം കേരളാ കൗമുദിയുടെ 50% ഷെയര്‍ അന്തരിച്ച എം.എസ് മധുസൂദന്റെ കുടുംബത്തിന്റെ പേരിലാണ്. എന്നാല്‍ വസ്തു വില്‍ക്കുന്നതിനെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് എം.എസ് മധുസൂദനന്റെ ഭാര്യ ഗീത മധുസൂദനന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
” സുപ്രീം കോടതി വിധി പ്രകാരം 50% ഷെയര്‍ ഞങ്ങള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഇടപാടുകളൊന്നും ഞാനറിഞ്ഞിട്ടില്ല.” ഗീത മധുസൂദനന്‍ വ്യക്തമാക്കി. ഇടപാടുമായി ബന്ധപ്പെട്ട് പട്ടാഭിരാമനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
മധുസൂദനന്റെ കുടുംബത്തെ മാത്രമല്ല, മറ്റുഷെയര്‍ഹോള്‍ഡേഴ്‌സിനെയും വിവരം അറിയിച്ചിട്ടില്ലെന്ന് ഷെയര്‍ഹോള്‍ഡേഴ്‌സിലൊരാളായ എം.സുകുമാരന്‍ മണിയും ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചു. 12 കോടി രൂപയ്ക്കാണ് സ്ഥലം വിറ്റിരിക്കുന്നത്. ഇത് വളരെ തുച്ഛമായ രൂപയാണ്. 50 കോടിയെങ്കിലും വിലവരുന്ന സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്വത്തിനെ ചൊല്ലി കേരളാ കൗമുദിയില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നു. ഇത് സുപ്രീം കോടതി വരെയെത്തുകയും ചെയ്തിരുന്നു. കോടതി വിധി പ്രകാരം എം.എസ് മധുസൂദനന്റെ കുടുംബത്തിനാണ് 50% ഷെയറുള്ളത്. എന്നാല്‍ കോടതി വിധിയനുസരിച്ച് തങ്ങള്‍ക്ക് ഇതുവരെ കേരളാ കൗമുദിയിലേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും ഗീത പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വില്‍പ്പന നടന്നിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.