തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും. കൊവിഡ് മാനദണ്ഡം പാലിച്ചാവും നല്‍കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി അത് പുറത്തിറക്കും.
വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി നിരക്കിളവ് നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സ്വകാര്യ ബസുകളുമായി ചര്‍ച്ചയ്ക്ക് ശേഷം അക്കാര്യത്തിലും രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എല്‍.പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന തോതിലായിരിക്കും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.