തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം അതിശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗചികിത്സയ്ക്കാവശ്യമായ ഓക്‌സിജന്റെ ക്ഷാമം രാജ്യത്തെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രണ്ടാമത്തെ കൊവിഡ് തരംഗം മുന്‍കൂട്ടികണ്ടുകൊണ്ട് കേരളം ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നെന്നും രോഗവ്യാപനം കൂടുന്ന സാഹചര്യമായതിനാല്‍ ഓക്‌സിജന്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സഹായം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ലഭ്യമായ ഓക്‌സിജന്റെ ഫലപ്രദമായ മാനേജ്‌മെന്റാണ്. അതിനു വേണ്ടിയാണ് നമ്മള്‍ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഓരോ ആശുപത്രിയിലേയും കൊവിഡ് രോഗികളുടെ എണ്ണവും, ഓക്‌സിജന്‍ ലഭ്യതയും ഈ വാര്‍ റൂമുകളില്‍ നിരന്തരമായി മോണിറ്റര്‍ ചെയ്യപ്പെടുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിന് അനുസൃതമായ ഓക്‌സിജന്‍ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നു.
അതിനു പുറമേ ഓക്‌സിജന്‍ ഉത്പാദനം, ശേഖരണം, വിതരണം എന്നിവയും ഈ വാര്‍ റൂമുകള്‍ വഴി നിയന്ത്രിക്കപ്പെടുന്നു.
ഓരോ ആശുപത്രിയിലേയും ആവശ്യമനുസരിച്ച് ഓക്‌സിജന്‍ വിതരണം ചെയ്യുക എന്ന പ്രധാന ഉത്തരവാദിത്വം വാര്‍ റൂമുകളില്‍ ആണ് നിക്ഷിപ്ത്മായിരിക്കുന്നത്. പൊലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നും പെസോ(PESO) യില്‍ നിന്നും ഉള്ള നോമിനികള്‍ ഈ വാര്‍ റൂമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
ഏതെങ്കിലും ആശുപത്രികളില്‍ ഓക്‌സിജന്‍ ആവശ്യമുണ്ടെങ്കില്‍ വാര്‍ റൂമുകളുടെ ഈ കോള്‍ സെന്റര്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഓക്‌സിജന്റെ ഫലപ്രദമായ മാനേജ്‌മെന്റ് ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് ഓക്‌സിജന്‍ വാര്‍ റൂമുകളുമായി പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ ആശുപത്രി അധികൃതരും പ്രത്യേക ശ്രദ്ധ കാണിക്കണം എന്ന് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക