കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ല, പാര്‍ട്ടി ഒന്നേയുള്ളു: സഹോദരി ഉഷ മോഹന്‍ദാസിന് മറുപടിയുമായി ഗണേഷ്‌കുമാര്‍
Kerala News
കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ല, പാര്‍ട്ടി ഒന്നേയുള്ളു: സഹോദരി ഉഷ മോഹന്‍ദാസിന് മറുപടിയുമായി ഗണേഷ്‌കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th December 2021, 5:46 pm

കൊല്ലം: കേരള കോണ്‍ഗ്രസ് തന്റെ കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയിലില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സഹോദരി ഉഷ മോഹന്‍ദാസിനുള്ള മറുപടിയായിട്ടായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

‘കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി. അച്ഛന്‍ രാഷ്ട്രീയത്തിലുള്ളപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. കഴിഞ്ഞ 23 വര്‍ഷം ജനങ്ങള്‍ക്ക് നടുവില്‍ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങളല്ല പാര്‍ട്ടിയുടേത്. എല്ലാവരും കൂട്ടായ് എടുക്കുന്നതാണ്,’ ഗണേഷ് കുമാര്‍ പറഞ്ഞു.

താന്‍ പാര്‍ട്ടിയിലില്ലെങ്കില്‍ പാര്‍ട്ടിക്ക് വളര്‍ച്ചയില്ലെന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് ശേഷം പ്രളയം എന്ന നിലപാട് തനിക്കില്ലെന്നും തന്നോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള ആളുകളെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ് എല്ലാവരേയും വിളിച്ച് ചേര്‍ത്തതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. നിയമപരമായി കേരള കോണ്‍ഗ്രസ് ബി ഒന്നെയുള്ളെന്നും അദ്ദേഹം പറഞ്ഞു.

കെ.ബി. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിമതര്‍ നീക്കം ചെയ്ത് ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്സണാക്കിയിരുന്നു.

ഉഷ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ബി കൊച്ചിയിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. ഗണേഷ് കുമാര്‍ പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഉഷ മോഹന്‍ ദാസ് ഒരു വിഭാഗത്തെയും കൂട്ടി യോഗം വിളിച്ചുചേര്‍ത്തിരുന്നത്.

പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.വി. മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടി തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നു.

ഉഷയെ ഗണേഷിനെതിരെയിറക്കി ചെയര്‍പേഴ്സണ്‍ പദവി സ്വന്തമാക്കുന്നതിനുള്ള നീക്കമാണ് വിമതര്‍ നടത്തിക്കൊണ്ടിരുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണിതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.

ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷിനെതിരെ ഉഷയാണ് പരാതി ഉന്നയിച്ചിരുന്നത്. വില്‍പത്രത്തില്‍ ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിരുന്നില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ പറയുന്നത്. വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Kerala Congress B is not a family party, the party is one: Ganesh Kumar in reply to sister Usha Mohandas