Kerala News
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 03, 01:42 am
Monday, 3rd May 2021, 7:12 am

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. നായര്‍ സര്‍വീസ് സൊസൈറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്.

മകനും എം.എല്‍.എയുമായ കെ. ബി ഗേണഷ് കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് ബാലകൃഷ്ണപ്പിള്ളയുടെ ആരോഗ്യനില മോശമാകുന്നത്.

കെ.ബി ഗണേഷ് കുമാര്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സമയത്ത് പത്തനാപുരത്തെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും ആര്‍. ബാലകൃഷ്ണപ്പിള്ള എത്തിയിരുന്നു.

കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ള- കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1935 മാര്‍ച്ച് എട്ടിനാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ ആര്‍. ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി.

1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പിള്ള. 1971 ല്‍ ലോക്‌സഭാംഗമായി. 1975 ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ എക്‌സൈസ് ജയില്‍ വകുപ്പു മന്ത്രിയായിരുന്നു.

1980-82, 82-85, 86-87 കാലത്ത് വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നു. 1995 മാര്‍ച്ച് 22 മുതല്‍ 95 ജൂലൈ 28 വരെ എ. കെ ആന്റണി മന്ത്രിസഭയിലംഗമായിരുന്നു. 2017ല്‍ മെയിലാണ് മുന്നാക്ക വികസന കോര്‍പറഷേന്‍ ചെയര്‍മാനായി നിയമിതനാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala congress B Chairman R Balakrishnappillai passes away