ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവുമധികം ആശയവിനിമയം നടത്തിയ ഏഷ്യന്‍ ക്ലബ്ബുകളുടെ പട്ടികയില്‍ ഒന്നാമതായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്‍സ്റ്റഗ്രാമില്‍ 18.9 മില്യണ്‍ ഇന്ററാക്ഷന്‍സ് നേടിയാണ് കെ.ബി.എഫ്.സി ഒന്നാമതെത്തിയത്.
ഇന്‍സ്റ്റഗ്രാമിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്.
സ്‌പോര്‍ട്‌സ് ഡാറ്റ അനലിറ്റിക് പ്ലാറ്റ്‌ഫോമായ ഡിപോര്‍ട്ടസ് ആന്റ് ഫിനാന്‍സസ് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍.
2014 മുതല്‍ ഏഷ്യയിലെ തന്നെ മികച്ച ആരാധക കൂട്ടമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം മഞ്ഞപ്പട. നിലവില്‍ 2.6 ദശലക്ഷം ഫോളോവേഴ്‌സുമായി ഇന്‍സ്റ്റഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബ് എന്ന നേട്ടവും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.
റിസള്‍ട്ട് സ്‌പോര്‍ട്‌സിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഫുട്‌ബോള്‍ ബെഞ്ച്മാര്‍ക്ക് നടത്തിയ മറ്റൊരു സര്‍വേയില്‍, ഡിജിറ്റല്‍ കമ്യൂണിറ്റിയിലെ അംഗബലത്തില്‍ ലോകത്തിലെ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ 65ാം സ്ഥാനം കൊമ്പന്‍മാര്‍ക്കുണ്ട്.
കൊവിഡ് കാരണം കാണികളില്ലാതെ മത്സരങ്ങള്‍ നടത്തേണ്ടി വന്നത് എല്ലാ ടീമുകളെയും ബാധിച്ചിട്ടുണ്ട്. ആളും ആരവവും ആര്‍പ്പുവിളിയും നിറഞ്ഞ സ്റ്റേഡിയത്തില്‍ നിന്നും ‘ചത്ത സ്റ്റേഡിയത്തിലേക്ക്’ മാറ്റിയത് ടീമുകളുടെ പ്രകടനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.
മറ്റേത് സീസണിനെക്കാളും മികച്ച പ്രകടനം ടീം പുറത്തെടുക്കുമ്പോള്‍ നേരിട്ട് സ്‌റ്റേഡിയത്തില്‍ പോയി കാണാന്‍ സാധിക്കുന്നില്ല എന്ന ഒറ്റ സങ്കടം മാത്രമാണ് ആരാധകര്‍ക്കുള്ളത്.
അണിയറയ്ക്ക് പിന്നില്‍ ടീം നടത്തുന്ന എല്ലാ കഠിനാധ്വാനത്തിന്റെയും, ആരാധകര്‍ വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്ന അതിശക്തമായ പിന്തുണയുടെയും പ്രതിഫലനമാണിതെന്നായിരുന്നു കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറയുന്നത്.
ഡിജിറ്റല്‍ സ്‌പേസുകള്‍ അതിവേഗം വളരുകയാണെന്നും ഈ രംഗത്തിലെ ഫ്രണ്ട് റണ്ണേഴ്‌സാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.