കന്നുകാലി കാശാപ്പ് നിയന്ത്രണം: കേന്ദ്രസര്‍ക്കാരിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി
Daily News
കന്നുകാലി കാശാപ്പ് നിയന്ത്രണം: കേന്ദ്രസര്‍ക്കാരിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 12:37 pm

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. വോട്ടെടുപ്പില്ലാതെ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസ്സാക്കിയത്. വോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി എം.എല്‍.എയായ ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടില്ല.

കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കേന്ദ്രവിജ്ഞാപനം പിന്‍വലിക്കണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു വിഷയത്തിന് വേണ്ടി നിയമസഭ കൂടി പ്രമേയം പാസ്സാക്കുന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി.


Dont Miss കോഹ്‌ലിയെ ഞങ്ങള്‍ക്ക് തന്നിട്ട് പാക് ടീമിനെ നിങ്ങള്‍ എടുത്തോളൂ: പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റിനെ ട്രോളി ആരാധകര്‍


കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നത്. സഭയില്‍ പ്രതിപക്ഷ ഭരണ കക്ഷി അംഗങ്ങള്‍ ഒ്ന്നടങ്കം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ത്തു. ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസമാണ് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയത്.

ഗോമാതാവിനും കാളപിതാവിനും വേണ്ടി പരിഹാസ്യമായ സിദ്ധാന്തങ്ങള്‍ കേന്ദ്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പശുവളര്‍ത്തലിനെ കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണ് വിജ്ഞാപനം തയ്യാറാക്കിയതെന്നും വി.എസ് കുറ്റപ്പെടുത്തി.

നമ്മുടെ കാര്‍ഷിക സംസ്‌കൃതിയില്‍ ബി.ജെ.പിയുടെ വിത്ത് കാളകളല്ല, മറിച്ച് വന്ധ്യംകരിക്കപ്പെട്ട കാളകളാണ് ഉപയോഗിക്കുന്നത്. നായകളെ വന്ധ്യംകരിക്കുന്നത് മൃഗസംരക്ഷണവും കാളകളെ വന്ധ്യംകരിക്കുന്നത് ഗോമാതാവിനോടുള്ള ദ്രോഹവും ആണെന്നാണ് ചില കള്ള സന്യാസികള്‍ പറയുന്നത്. ഒരു സന്യാസി തന്നെ അടുത്തിടെ വന്ധ്യംകരിക്കപ്പെട്ടല്ലോയെന്നും വി.എസ് പരിഹസിച്ചു.

കേന്ദ്രത്തിന്റെ കശാപ്പ് നിരോധനം ശുദ്ധ തട്ടിപ്പാണ്. അംബാനിയും അദാനിയും പോലുള്ള വന്‍കിടക്കാര്‍ മാത്രം കാലിക്കച്ചവടം നടത്തിയാല്‍ മതിയെന്നാണ് മോദി പറയുന്നതെന്നും വി.എസ് പറഞ്ഞു.

കശാപ്പ് നിരോധനം സംസ്ഥാനങ്ങളുടെ അധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരോധനം കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തിന് മേല്‍ സഭയില്‍ 2 മണിക്കൂര്‍ ചര്‍ച്ച നടത്തി.