ന്യൂദല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ തന്റെ സഹായം തേടാമെന്ന് ജമ്മു കശ്മീര്‍ നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയോട് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.
കേന്ദ്രഭരണ പ്രദേശത്ത് ഭരണം നടത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ സഹായം തേടാമെന്നാണ് കെജ്‌രിവാൾ ഒമറിനെ അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌രാജ് മാലിക് മത്സരിച്ച് വിജയിച്ച ഡോഡയില്‍ നടന്ന റാലിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ദല്‍ഹിയെ പോലെ ജമ്മു കാശ്മീരും ഒരു അര്‍ധസംസ്ഥാനമാണ്. എല്ലാ അധികാരവും ലെഫ്റ്റനന്റ് ഗവര്‍ണറാണ് കൈയാളുന്നത്. എന്നാല്‍ ദല്‍ഹിയെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് തനിക്ക് അറിയാം. ഇക്കാര്യം ഒമര്‍ അബ്ദുല്ലയോട് താന്‍ പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കെജ്‌രിവാൾ പറഞ്ഞത്.
ഒമര്‍ അബ്ദുല്ലയുടെ സര്‍ക്കാരിനെ പിന്തുണച്ച വ്യക്തിയെന്ന നിലയില്‍ മെഹ്‌രാജ് മാലിക്കിന് സര്‍ക്കാരില്‍ ഒരു ഉത്തരവാദിത്തം ലഭിക്കുമെന്നാണ് എ.എ.പി പ്രതീക്ഷിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന് എ.എ.പി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ജില്ലാ വികസന കൗണ്‍സില്‍ അംഗമായ മാലിക് ബി.ജെ.പിയുടെ ഗജയ് സിങ് റാണയെ പരാജയപ്പെടുത്തിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 23,228 വോട്ടുകളാണ് എ.എ.പി എം.എല്‍.എ നേടിയത്. 4,538 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗജയ് സിങ്ങിനെ മാലിക് തോല്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് ജമ്മു കശ്മീരില്‍ ഭരണത്തിലേറിയത്. തുടര്‍ന്ന് ഒമര്‍ അബ്ദുല്ലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ അറിയിച്ചുകൊണ്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ എന്‍.സി സമീപിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.