മോദിജിയാണ് കെ.സി.ആറിന് ഉത്തരവുകള്‍ നല്‍കുന്നത്, ബി.ജെ.പി ഏത് ബില്ല് കൊണ്ടുവന്നാലും ടി.ആര്‍.എസ് പിന്തുണയ്ക്കും: രാഹുല്‍ ഗാന്ധി
national news
മോദിജിയാണ് കെ.സി.ആറിന് ഉത്തരവുകള്‍ നല്‍കുന്നത്, ബി.ജെ.പി ഏത് ബില്ല് കൊണ്ടുവന്നാലും ടി.ആര്‍.എസ് പിന്തുണയ്ക്കും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd November 2022, 10:21 am

ഹൈദരാബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

മോദിജി വിളിച്ചാല്‍ ഒരു സെക്കന്‍ഡ് പോലും വൈകാതെ മുഖ്യമന്ത്രി കെ.സി.ആര്‍ മറുപടി നല്‍കിയിരിക്കും. മോദിജിയാണ് നിങ്ങളുടെ മുഖ്യമന്ത്രിക്ക് ഉത്തരവുകള്‍ നല്‍കുന്നത്. ഇന്ന് ഇത് ചെയ്യണമെന്നും നാളെ അതു ചെയ്യണമെന്നുമുളള മോദിയുടെ ഉത്തരവുകള്‍ ചന്ദ്രശേഖര്‍ റാവു നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബി.ജെ.പി ഏത് ബില്ല് എപ്പോള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ടി.ആര്‍.എസ് എല്ലായ്പ്പോഴും അവരെ പിന്തുണയ്ക്കും. ബി.ജെ.പിയും ടി.ആര്‍.എസും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. നരേന്ദ്ര മോദി ഉത്തരവിടുന്നതെന്തും നടപ്പാക്കാനാണ് കെ.സി.ആര്‍ ശ്രമിക്കാറുളളതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

‘കെ.സി.ആര്‍ മോദിക്ക് സ്വീകാര്യനാണ്. നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ട്. പക്ഷേ പുറത്ത് ബി.ജെ.പിയുടെ എതിരാളിയായി നടിക്കുകയാണ്. തെലങ്കാനയിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കെ.സി.ആറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എപ്പോഴൊക്കെ ബി.ജെ.പി പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരുമോ അപ്പോഴൊക്കെ ടി.ആര്‍.എസ് ബി.ജെ.പിയെ പിന്തുണയ്ക്കും. കാര്‍ഷിക നിയമം പാസാക്കിയപ്പോള്‍ പോലും ഇതായിരുന്നു സ്ഥിതി. ബി.ജെ.പിയും ടി.ആര്‍.എസും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ഒരു മിഥ്യാബോധത്തിലും അകപ്പെട്ടുപോകരുത്. തെരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ദല്‍ഹിയാണ് രാജ്യത്തെ ഏറ്റവും മലിനമായ നഗരം എന്നാണ് താന്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ടി.ആര്‍.എസ് സര്‍ക്കാര്‍ ഹൈദരാബാദിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വളരെ താഴ്ത്തി. ഇതോടെ ഏറ്റവും മലിനമായ നഗരം ഹൈദരാബാദാണെന്ന് മനസ്സിലാക്കിയെന്നും രാഹുല്‍ ആരോപിച്ചു. ഇവിടെ നടക്കേണ്ട അടിസ്ഥാന സൗകര്യ വികസനം നടക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ഏഴ് ദിവസമായി തെലങ്കാനയിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ചാര്‍മിനാര്‍ പരിസരത്ത് രാഹുല്‍ ദേശീയ പതാക ഉയര്‍ത്തി. 1990ല്‍ പിതാവ് രാജീവ് ഗാന്ധി ‘സദ്ഭാവന യാത്ര’ ആരംഭിച്ച സ്ഥലത്താണ് രാഹുല്‍ ദേശീയ പതാക ഉയര്‍ത്തിയത്.

Content Highlight: KCR Has Direct Line To PM Modi says Rahul Gandhi at Hyderabad