ന്യൂനപക്ഷങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം; കെ.സി.ബി.സി
Kerala News
ന്യൂനപക്ഷങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം; കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th May 2021, 6:05 pm

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.സി.ബി.സി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് കെ.സി.ബി.സിയുടെ പ്രതികരണം.

കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ പാലോളി മുഹമ്മദ് കുട്ടി  സ്വാഗതം ചെയ്തത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെന്നും കെ.സി.ബി.സി പ്രതികരിച്ചു.

ഭരണഘടന അനുസരിച്ച് ഓരോ വിഭാഗത്തിനും അര്‍ഹിക്കുന്ന പരിഗണന കൊടുത്ത് സംസ്ഥാന മുഖ്യമന്ത്രി പദ്ധതികള്‍ വിഭാവനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളില്‍ പറഞ്ഞു.

വ്യക്തമായ പഠനം നടത്താതെയാണ് ന്യൂനപക്ഷക്ഷേമ  പദ്ധതികളിലെ അനുപാതം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇക്കാര്യം ഹൈക്കോടതി വിധിയില്‍ നിന്ന് വ്യക്തമാണ്. ന്യൂനപക്ഷ ക്ഷേമം എന്നത് എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും ക്ഷേമം എന്നായിരിക്കണമെന്നും കെ.സി.ബി.സി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്‌ക്കെതിരെ മുസ്‌ലിം ലീഗ് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്.

80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.

നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: KCBC Response In Minority Reservation Verdict Highcourt