കൊച്ചി: ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്ന് ആഹ്വാനം ചെയ്യുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ബോധവത്കരണ പരസ്യത്തിനെതിരെ കെ.സി.ബി.സി പ്രോലൈഫ് സംസ്ഥാന സമിതി. ഗര്‍ഭം അലസിപ്പിക്കണമോയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന വനിതാ ശിശു വികസന വകുപ്പിന്റെ നിലപാട് മനുഷ്യജീവനോടുള്ള വെല്ലുവിളിയാണെന്നും അനാദരവുമാണെന്ന് പ്രോലൈഫ് പറഞ്ഞു.
മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണം. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നത് ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.
ഉദരത്തിലെ കുഞ്ഞ് ഒരു മനുഷ്യനാണ്. പ്രതികരിക്കാന്‍ കഴിയില്ലെന്ന ഒറ്റക്കാരണം കൊണ്ട് അപ്രതീക്ഷിത ഗര്‍ഭം എന്ന പേരില്‍ മനുഷ്യജീവനെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും സാബു ജോസ് പറഞ്ഞു.
അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്നാണ് വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം.
‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്’, വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം ആരോഗ്യമേഖലയില്‍ നിന്നും മറ്റു രംഗങ്ങളില്‍ നിന്നും നിരവധി പേരാണ് സര്‍ക്കാരിന്റെ പുതിയ നയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ഉത്തരവിനെ അഭിനന്ദിച്ച് ഡോക്ടര്‍ ഷിംന അസീസും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് മുന്‍പായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം എന്ന് തീരുമാനിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്നാണ് ഷിംന ഫേസ്ബുക്കിലെഴുതിയത്.
‘അഭിമാനകരം തന്നെ. ഒരു പക്ഷേ, സ്വന്തം ശരീരത്തിലെ ഗര്‍ഭപാത്രത്തിന് പോലും പവര്‍ ഓഫ് അറ്റോണി ഭര്‍തൃവീട്ടുകാര്‍ക്ക് എഴുതിക്കൊടുത്ത് ജീവിക്കേണ്ടി വരുന്നവള്‍ക്ക്, യാതൊരു താല്‍പര്യവുമില്ലാതെ ഒരു കുഞ്ഞിനെ പേറേണ്ടി വന്നവള്‍ക്ക്, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് തുടങ്ങി ഏറെ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണിത്,’ ഷിംന ഫേസ്ബുക്കിലെഴുതി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക