കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: സംഘപരിവാറിനെതിരെ നിലപാട് കടുപ്പിച്ച് കെ.സി.ബി.സി; കേരള സര്‍ക്കാരിനോടും ഇടപെടാന്‍ ആവശ്യം
Kerala News
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: സംഘപരിവാറിനെതിരെ നിലപാട് കടുപ്പിച്ച് കെ.സി.ബി.സി; കേരള സര്‍ക്കാരിനോടും ഇടപെടാന്‍ ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd March 2021, 1:32 pm

കൊച്ചി: മലയാളി കന്യാസ്ത്രീയുള്‍പ്പെട്ട സംഘത്തിന് നേരെ ബജ്‌റംഗ് ദള്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍). സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും കേരള സര്‍ക്കാര്‍ ഇടപെടണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

വിഷയത്തില്‍ കേരള സര്‍ക്കാരും ദേശീയ വനിത കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ മാത്രമുള്ള മതംമാറ്റ നിരോധന നിയമം സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.
വനിത പൊലീസ് ഇല്ലാതെയാണ് ബലമായി തീവണ്ടിയില്‍ നിന്നും ഇറക്കികൊണ്ട് പോയതെന്നും കെ.സി.ബി.സി പറഞ്ഞു.

യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന സുരക്ഷിതത്വത്തെയും ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ് സംഭവമെന്നും കെ.സി.ബി.സി പറഞ്ഞു. റെയില്‍വേയും കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.


മാര്‍ച്ച് 19നാണ് ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്.

ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ദല്‍ഹിയില്‍ നിന്നും വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

ഝാന്‍സി എത്താറായപ്പോള്‍ ട്രെയ്നിലെ ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുകയാണമെന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിച്ചില്ല.

ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി കൂടുതല്‍ പേരെത്തുകയായിരുന്നു. ഝാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ യു.പി പൊലീസെത്തി കന്യാസ്ത്രീകളോടും വിദ്യാര്‍ത്ഥികളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

അപ്പോഴേക്കും സ്റ്റേഷനില്‍ നൂറ്റമ്പതോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെത്തിയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കാതെ പൊലീസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നും ആധാര്‍ കാര്‍ഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: KCBC against Sangh Parivar in Bajrang Dal activists attacking Kerala nun and group in Uttar Pradesh