മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. അതിനിടെ ബി.ജെ.പി ഭരണപക്ഷ എം.എല്‍.എമാരെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹിന്ദു മഹാസഭ നല്‍കിയ ഹരജി തള്ളിയിരുന്നു.
ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഭരണഘടനാപരമായ ധാര്‍മ്മികത രാഷ്ട്രീയ ധാര്‍മ്മികതയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
”ജനാധിപത്യത്തില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തില്‍ കൈകടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല”- എന്നായിരുന്നു ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
വോട്ടെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്ന കാര്യങ്ങളില്‍ കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കരുതെന്നും അത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ അവര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമോദ് ജോഷി ഹരജി സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് നടന്ന ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനായി സഖ്യത്തിന് ശ്രമിക്കുന്ന ശിവസേനയുടെ നടപടിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.