കോട്ടയം: ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചതില്‍ പ്രതികരണവുമായി മുതിര്‍ന്ന് നേതാവ് കെ. സി ജോസഫ്. കത്തയച്ച കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത് പോയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. അത് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കത്താണ്. കത്ത് അയച്ചതില്‍ അദ്ദേഹമാണ് വ്യക്തത വരുത്തേണ്ടത്.
വാര്‍ത്ത വന്ന സ്ഥിതിക്ക് അദ്ദേഹം നിലപാട് വ്യക്തമാക്കണം. പരാജയത്തിന്റെ കാരണത്തില്‍ ഒന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ ചോര്‍ച്ച ഉണ്ടായത് തന്നെയാണ്, അത് ഭൂരിപക്ഷ വോട്ടുകളുടെ ചോര്‍ച്ചയല്ല,’ കെ. സി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും നേതാക്കളെല്ലാരുമുണ്ടായിരുന്നു. പ്രയാസമുണ്ടായിരുന്ന ഓരോ ഘട്ടത്തിലും ഉമ്മന്‍ചാണ്ടി എല്ലായിടത്തും ഓടിയെത്തിയിട്ടുണ്ട്. അത് വയനാട് ആണെങ്കിലും ഇരിക്കൂര്‍ ആണെങ്കിലും പാലക്കാട് ആണെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ എത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു എന്നും കെ. സി ജോസഫ് പറഞ്ഞു.