ക്രിക്കറ്റ് ഭൂപടത്തില്‍ ഇവര്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു; ഈ സെഞ്ച്വറി ചരിത്രത്തിലേക്ക്, ഒപ്പം ജഡേജ സ്റ്റൈലില്‍ ആഘോഷവും; തോറ്റെങ്കിലും തലയുയര്‍ത്തി ഒമാന്
ഐ.സി.സി ഏകദിന വേള്‍ഡ് കപ്പ് ക്വാളിഫയറിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ 14 റണ്‍സിന്റെ പരാജയമേറ്റുവാങ്ങി ഒമാന്‍. ഒരുവേള വിജയിച്ചേക്കുമെന്ന് തോന്നിച്ചെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാന്‍ അറബ് വമ്പന്‍മാര്‍ക്ക് സാധിച്ചില്ല. അവസാന പന്ത് വരെ പൊരുതി വീരോചിതമായാണ് ഒമാന്‍ പരാജയം സമ്മതിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ സീന്‍ വില്യംസിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. വില്യംസ് 103 പന്തില്‍ നിന്നും 142 റണ്‍സടിച്ച് പുറത്തായി.
സീന്‍ വില്യംസിന് പുറമെ ലൂക്ക് ജോങ്‌വേ (28 പന്തില്‍ നിന്നും 43) സിക്കന്ദര്‍ റാസ (49 പന്തില്‍ 42) എന്നിവരും തകര്‍ത്തടിച്ചതോടെ ഷെവ്‌റോണ്‍സ് സ്‌കോര്‍ ഉയര്‍ന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സാണ് ക്രെയ്ഗ് ഇര്‍വിനും സംഘവും സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്.
ഒമാനായി ഫയാസ് ബട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബിലാല്‍ ഖാന്‍, കലീമുള്ള, സീഷന്‍ മഖ്‌സൂദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
333 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഒമാനും സെഞ്ച്വറിയിലൂടെ തന്നെയായിരുന്നു മറുപടി നല്‍കിയത്. ഓപ്പണര്‍ കശ്യപ് പ്രജാപതിയായിരുന്നു ഒമാന് വേണ്ടി സെഞ്ച്വറി തികച്ചത്. മറ്റൊരു ഓപ്പണറായ ജിതേന്ദര്‍ സിങ് ഒമ്പത് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ പിന്നാലെയെത്തിയവരെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തിയ പ്രജാപതിയാണ് ഒമാന് തുണയായത്.
97 പന്തില്‍ നിന്നും 103 റണ്‍സാണ് താരം നേടിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സിക്കന്ദര്‍ റാസയുടെ പന്തില്‍ സിംഗിള്‍ നേടിയാണ് പ്രജാപതി ഏകദിനത്തിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു പ്രജാപതിയുടെ ഇന്നിങ്‌സ്.
ഐ.സി.സിയുടെ ഫുള്‍ മെമ്പറായ ഒരു ടീമിനെതിരെ ഒമാന്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. സെഞ്ച്വറി തികച്ചതിന് ശേഷം രവീന്ദ്ര ജഡേജ സ്റ്റൈലില്‍ സോര്‍ഡ് സെലിബ്രേഷനുമായാണ് പ്രജാപതി നേട്ടം ആഘോഷമാക്കിയത്.
റാസക്കെതിരെ സിംഗിള്‍ നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രജാപതി റാസക്ക് തന്നെയായിരുന്നു വിക്കറ്റ് സമ്മാനിച്ചതും. 35ാം ഓവറിലെ അഞ്ചാം പന്തില്‍ ബ്ലെസിങ് മുസരബാനിക്ക് ക്യാച്ച് നല്‍കിയായിരുന്നു പ്രജാപതിയുടെ മടക്കം.
പ്രജാപതിക്ക് പുറമെ അയാന്‍ ഖാന്‍ (43 പന്തില്‍ 47) ആഖിബ് ഇല്യാസ് (61 പന്തില്‍ 45) ക്യാപ്റ്റന്‍ സീഷന്‍ മഖ്‌സൂദ് (40 പന്തില്‍ 37) മുഹമ്മദ് നദീം (18 പന്തില്‍ പുറത്താകാതെ 30) എന്നിവരും തകര്‍ത്തടിച്ചെങ്കിലും വിജയം മാത്രം അകന്നുനിന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിന് 14 റണ്‍സകലെ ഒമാന്‍ പോരാട്ടം അവസാനിപ്പിച്ചു.
സിംബാബ്‌വേക്കായി ബ്ലെസിങ് മുസാരബാനിയും തെന്‍ഡായി ചതാരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റിച്ചാര്‍ഡ് എന്‍ഗരാവ രണ്ട് വിക്കറ്റും സിക്കന്ദര്‍ റാസ ഒരു വിക്കറ്റും സ്വന്തമാക്കി.
Mark your Calendars for Oman’s 🇴🇲 Fixtures of the Super 6️⃣ of the @cricketworldcup Qualifier! 🗓️ 🏏