ശ്രീനഗര്‍: കാശ്മീര്‍ വാല ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫഹദ് ഷായെ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം തടവില്‍ വെച്ചിരിക്കുന്ന നടപടി റദ്ദാക്കി ജമ്മു കാശ്മീര്‍ ഹൈക്കോടതി. കേസില്‍ ശരിയായ നടപടി ക്രമങ്ങളല്ല അധികൃതര്‍ സ്വീകരിച്ചതെന്നും കോടതി വിമര്‍ശനമുന്നയിച്ചു. എന്നാല്‍ യു.എ.പി.എ പ്രകാരമുള്ള കേസ് നിലനില്‍ക്കുന്നതിനാല്‍ ഫവാദ് ജയിലില്‍ തുടരേണ്ടി വരും.
ഭീകരവാദത്തെ മഹത്വവത്കരിക്കുന്നുവെന്നും അക്രമങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫഹദിനെ അറസ്റ്റ് ചെയ്തിരുന്നു.
ഫഹദിനെതിരായ നാല് കേസുകളില്‍ മൂന്നെണ്ണത്തിലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം ഫവാദിനെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രീനഗര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്തിന്റെ സുരക്ഷക്കോ പൊതു ക്രമങ്ങളുടെ പരിപാലനത്തിനോ എതിരാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടവില്‍ വെയ്ക്കാന്‍ അധികാരം നല്‍കുന്നതാണ് പബ്ലിക് സേഫ്റ്റി ആക്ട്.
കഴിഞ്ഞ ആഴ്ചയാണ് ജസ്റ്റിസ് വസിം സാദിഖ് നഗ്രാളിന്റെ സിംഗിള്‍ ബെഞ്ച് കരുതല്‍ തടങ്കല്‍ റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തമായ തെളിവുകളോ വിശദാംശങ്ങളോ ഇല്ലാതെയാണ് ഫഹദിനെതിരായ തടവ് തുടര്‍ന്ന് പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
തടങ്കല്‍ ഉത്തരവിന്റെ പകര്‍പ്പ് പോലും തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്ന ഫഹദിന്റെ വാദം അധികൃതര്‍ നിഷേധിച്ചിട്ടില്ല എന്നുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം തടവ് തുടര്‍ന്നു പോകേണ്ട തരത്തിലുള്ള കാരണങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഒരു പൗരന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണെന്നും അത് സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.
ഫഹദ് ഷാ സ്ഥാപിച്ച കാശ്മീര്‍ വാല എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കള്‍ പ്രസിദ്ധീകരിക്കുന്നു എന്നാരോപിച്ചാണ് ഫഹദിനെതിരെ പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.