Kerala News
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ നാളെ മുതല്‍ അവധിയില്‍; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 21, 02:57 pm
Friday, 21st January 2022, 8:27 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കും. നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് കളക്ടര്‍ അവധിയില്‍ പ്രവേശിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും പകരം ചുമതല എ.ഡി.എമ്മിനായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടര്‍ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് അവര്‍ കോടതി വിധിയോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍ഗോഡ് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ അവരധിയില്‍ പ്രവേശിക്കുന്നത്. സി.പി.ഐ.എം സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്‍ശനം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോ എന്നും കോടതി ചോദിച്ചിരുന്നു.
50 ആളുകളില്‍ കൂടുതലുള്ള എല്ലാ യോഗങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡിന് പോലും 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം, കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സി.പി.ഐ.എം കാസര്‍കോഡ് ജില്ലാ സമ്മേളനത്തിന്റെ സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് പുതിയ നടപടി.