ടുജി സ്‌പെക്ട്രം അഴിമതി കരുണാനിധിയുടെ അറിവോടെയെന്ന് പ്രശാന്ത് ഭൂഷണ്‍
India
ടുജി സ്‌പെക്ട്രം അഴിമതി കരുണാനിധിയുടെ അറിവോടെയെന്ന് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2014, 6:42 pm

[]ന്യൂദല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പുതിയ വെളിപ്പെടുത്തുലുമായി ആം ആദ്മിപാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍.

ടുജി സ്‌പെക്ട്രം അഴിമതി ഡി.എം.കെ നേതാവ് കരുണാനിധിയുടെ അറിവോടെയെന്ന പുതിയ വെളിപ്പെടുത്തലോടെയാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.

കരുണാനിധിയേയും മകള്‍ കനിമൊഴിയേയും അഴിമതിയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ശബ്ദരേഖകള്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു.

കലൈഞ്ചര്‍ ടിവിക്ക് 215 കോടി നല്‍കിയത് അഴിമതിയുടെ ഭാഗമാണെന്നും ഇത് വായ്പയായി വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നതായും സംബന്ധിച്ച ശബ്ദരേഖയാണ് പ്രശാന്ത് ഭൂഷണ്‍ പുറത്ത് വിട്ടിരിക്കുന്നത്.

അതേസമയം ടുജി സ്‌പെക്ട്രം ലേല നടപടികള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

ലേല നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി.

കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥന്‍ ടെലികോം കമ്പനികളുടെ ഹര്‍ജിയെ എതിര്‍ത്തു. ടെലികോം കമ്പനികളുടെ ഇതേ ആവശ്യം നേരത്തെ ടെലികോം തര്‍ക്ക പരിഹാര ടെബ്യൂണലും തള്ളിയിരുന്നു.

ടുജി അഴിമതിയെത്തുടര്‍ന്ന് 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ലേലം ചെയ്യാനൊരുങ്ങുന്നത്.

പുതിയ ലേല നടപടികളിലൂടെ 11,300 കോടിയോളം സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലേലത്തിന്റെ അടിസ്ഥാന വില 48,685 രൂപയാണ്.

ഭാരതി എയര്‍ടെല്‍, റിലയന്‍സ്, വോഡാഫോണ്‍ തുടങ്ങി എട്ട് ടെലികോം കമ്പനികള്‍ പങ്കെടുക്കുന്ന ലേലത്തില്‍ 1800 മെഗാഹെട്‌സ് ബാന്‍ഡില്‍ 403 മെഗാഹെട്‌സ് എയര്‍വേവ്‌സും 900 മെഗാഹെട്‌സ് ബാന്‍ഡില്‍ 46 മെഗാഹെട്‌സുമാണ് ലേലത്തിന് വെക്കുന്നത്.

അതേസമയം തങ്ങളുടെ ലൈസന്‍സ് നീട്ടി നല്‍കണമെന്ന ഭാരതി എയര്‍ടെല്ലിന്റെയും വൊഡാഫോണിന്റെയും ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.