ബെംഗളൂരു: കര്‍ണാടകയില്‍ അമൂല്‍ പാലുല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രാദേശിക ബ്രാന്‍ഡായ നന്ദിനിയെയും ഗുജറാത്ത് കമ്പനിയായ അമൂലിനെയും തമ്മില്‍ ലയിപ്പിക്കുമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ തീരുമാനത്തിനെതിരെയാണ് കര്‍ണാടകയില്‍ പ്രതിഷേധം കനക്കുന്നത്.
‘സേവ് നന്ദിനി, ഗോ ബാക്ക് അമൂല്‍’ ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയാണ്. പ്രോ കന്നട ഗ്രൂപ്പുകളും പ്രതിപക്ഷ പാര്‍ട്ടിക്കാരുമാണ് അമൂല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കര്‍ണാടക മാര്‍ക്കറ്റില്‍ അമൂലിന്റെ കടന്നുവരവ് സംസ്ഥാനത്തെ കര്‍ഷകരെയും പാല്‍ ഉല്‍പാദകരെയും ഒരു പോലെ ആശങ്കയിലാക്കുന്നുണ്ടെന്ന് കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ഡയറക്ടര്‍ ആനന്ദ കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നന്ദിനിക്ക് മതിയായ ബ്രാന്‍ഡിങ്ങോ, പ്രൊമോഷനോ നല്‍കാതെ കമ്പനിയെ മനപൂര്‍വ്വം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രംഗത്തെത്തി. അമൂലിനെ കര്‍ണാടകയില്‍ തിരുകി കയറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കന്നടികര്‍ക്ക് അവകാശപ്പെട്ട സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും ഗുജറാത്ത് കമ്പനിയെ സംസ്ഥാനത്തെത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ തങ്ങള്‍ തടഞ്ഞെന്നും എന്നാല്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ അവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘അമൂലിനെ കര്‍ണാടകയില്‍ തിരുകി കയറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കന്നടികര്‍ക്ക് ഭീഷണിയാണ്. മോദിയുടെയും അമിത് ഷായുടെയും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ കരുതിയിരിക്കണം. കന്നടികര്‍ക്ക് അവകാശപ്പെട്ട സമ്പത്ത് കൈക്കലാക്കാനാണ് അവരുടെ ശ്രമം. സംസ്ഥാനത്തെ ബാങ്കുകളെ തകര്‍ത്തതിന് ശേഷം അവരിപ്പോള്‍ നമ്മുടെ നന്ദിനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു.
നമ്മുടെ നാട്ടിലെ പാവപ്പെട്ട കര്‍ഷകര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് ആ ബ്രാന്റ്. അമിത് ഷാ എന്ന് കെ.എം.എഫുമായി അമൂലിനെ കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചോ അന്ന് തൊട്ട് തുടങ്ങിയതാണ് ഈ പ്രതിസന്ധി.
കന്നട മക്കള്‍ ശക്തമായി പ്രതിഷേധിച്ചതോടെ പിന്‍വാതിലിലൂടെ നമ്മുടെ നാട്ടില്‍ കയറിപ്പറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന് മുമ്പും ഗുജറാത്ത് കമ്പനി നമ്മുടെ നാട്ടില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചപ്പോള്‍ നമ്മള്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ബി.ജെ.പി സര്‍ക്കാര്‍ അവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയാണ്,’ സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
രാജ്യം മുഴുവന്‍ അറിയപ്പെടുന്ന മില്‍ക്ക് ബ്രാന്‍ഡായ നന്ദിനിയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനദാതള്‍ എസ് നേതാക്കളും പ്രതികരിച്ചു.
‘രാജ്യം മുഴുവന്‍ അറിയിപ്പെടുന്ന കര്‍ണാടകയുടെ അഭിമാനമായ നന്ദിനിയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ദുഷ്ട ശക്തികളുടെ തന്ത്രമാണിത്. നേരിട്ട് സംസ്ഥാനത്തെ മാര്‍ക്കറ്റ് പിടിക്കാന്‍ കഴിയില്ലെന്നറിഞ്ഞ് പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇനിയും നമ്മള്‍ മിണ്ടാതിരുന്നാല്‍ ഭാവിയില്‍ വലിയ പ്രശ്‌നമാവാന്‍ സാധ്യതയുണ്ട്,’ ജെ.ഡി.എസ് ട്വിറ്ററില്‍ കുറിച്ചു.
ഈയിടക്ക് തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ദഹി എന്ന് ചേര്‍ക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നടന്നത്. പ്രാദേശിക വാക്കായ മൊസരിന് പകരം ദഹി എന്ന് ചേര്‍ക്കാനായിരുന്നു കേന്ദ്ര ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നത്.
പ്രതിഷേധം ശക്തമായതോടെ തീരുമാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ഗുജറാത്ത് ബ്രാന്‍ഡായ അമൂലിനെ കന്നട മാര്‍ക്കറ്റില്‍ വ്യാപകമാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്.
Content Highlight: karnataka protest against amul and bjp