ബെലഗാവി: മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. തിങ്കളാഴ്ച ഇരു സംസ്ഥാനങ്ങളുടെയും നിയമസഭകളില്‍ ശീതകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെയാണ് തര്‍ക്ക പ്രദേശമായ ബെലഗാവിയില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ കോങ്‌ഗോലി പ്ലാസയിലേക്ക് പ്രതിഷേധ പ്രകടനങ്ങളുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളും ഏകീകരണ്‍ സമിതിയും എത്തിയെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശിവസേനയിലെയും എന്‍.സി.പിയിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ ഈ പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തര്‍ക്കപ്രദേശമായ ബെലഗാവിയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്നൂറോളം പേരെ കര്‍ണാടക തിരിച്ചയക്കുകയും ഇതില്‍ ചിലരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളില്‍ ചിലരെയും മഹാരാഷ്ട്ര പൊലീസ് നേരത്തെ കരുതല്‍ തടവിലാക്കിയിരുന്നു.
ബെലഗാവി അതിര്‍ത്തിയില്‍ വലിയ പ്രതിഷേധം നടത്താന്‍ മഹാരാഷ്ട്ര ഏകീകരണ്‍ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി വലിയ തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. പക്ഷെ ഈ നിര്‍ദേശം മറികടന്നാണ് നിരവധി പേര്‍ അതിര്‍ത്തിയിലേക്ക് എത്തിയത്.
ബെലഗാവിയിലാണ് കര്‍ണാടകയുടെ നിയമസഭാ സമ്മേളനം നടക്കുന്നത് എന്നതും പ്രതിഷേധങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിന് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെയെയും ബസവരാജ ബൊമ്മെെയെയും വിളിച്ചുചേര്‍ത്ത് യോഗം നടത്തിയിരുന്നു. ചര്‍ച്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും ഭരണഘടനാപരമായി തന്നെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാമെന്ന് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതായും അമിത് ഷാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിഷയത്തില്‍ ഒരു മുതിര്‍ന്ന ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കാമെന്ന നിര്‍ദേശം ഇരു സര്‍ക്കാരുകളും അംഗീകരിച്ചെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്രമസമാധാനനില സംരക്ഷിക്കപ്പെടുമെന്നും തദ്ദേശവാസികള്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Belagavi, Karnataka | Members of Maharashtra Ekikaran Samiti and NCP stage protest near Kognoli Toll Plaza near Karnataka-Maharashtra border over inter-state border issue pic.twitter.com/XaPJwEbBKv
എന്നാല്‍ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അതിര്‍ത്തിയിലേക്ക് പോകുന്നത് തടയുന്നതെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ചോദ്യം.
മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം
1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെളഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെളഗാവി, കര്‍വാര്‍, നിപാനി തുടങ്ങിയ 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്ന് മുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.
കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും നടന്നിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു.
2022 നവംബറില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് ബസവരാജ ബൊമ്മെ രംഗത്ത് എത്തിയതോടെയാണ് ഇത് ചൂടേറിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് വഴിവെച്ചത്. ഇരു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വാദപ്രതിവാദങ്ങള്‍ സജീവമായി.
എന്നാല്‍ ഡിസംബറില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിലേക്ക് വരെ ഈ തര്‍ക്കം നീണ്ടു. അക്രമങ്ങള്‍ നടന്നതായി ഇരു വിഭാഗവും ആരോപണങ്ങള്‍ ഉന്നയിച്ചു. ഡിസംബര്‍ 13ന് ബെളഗാവിയിലെയും പൂനെയിലെയും പല വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുണ്ടാകുന്നത്.