കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി; ആര്‍.എസ്.എസ് സ്ഥാപകനെ കുറിച്ചുള്ള പാഠങ്ങളും ഒഴിവാക്കി
national news
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി; ആര്‍.എസ്.എസ് സ്ഥാപകനെ കുറിച്ചുള്ള പാഠങ്ങളും ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th June 2023, 4:30 pm

ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. വിവാദമായ ‘കര്‍ണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമം 2022’ ആണ് റദ്ദാക്കിയത്. നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നത് തടയാനെന്ന പേരിലാണ് 2022ല്‍ ഈ നിയമം പാസാക്കിയത്.

വിവാഹത്തിന് പിന്നാലെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് പരാതി ലഭിച്ചാല്‍ വിവാഹം തന്നെ റദ്ദാക്കാന്‍ കോടതിക്ക് അധികാരം ഉണ്ടെന്നത് നിയമവിധേയമാക്കുന്നത് ആയിരുന്നു ബി.ജെ.പിയുടെ നിയമം. ഇത്തരത്തില്‍ മതം മാറ്റിയെന്ന് രക്തബന്ധത്തില്‍ ഉള്ള ആര് പരാതി നല്‍കിയാലും അത് പരിഗണിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നു.

നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് തെളിഞ്ഞാല്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് നിയമം പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നിയമസഭയില്‍ നിന്നും വാക്കൗട്ട് നടത്തിയിരുന്നു.

അതുപോലെ, സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് സ്ഥാപകനായ കേശവ് ബലിറാം ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാനും സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരായിരുന്നു. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

Content Highlights: karnataka government revokes anti religious conversion bill, and changed hegdewar syllabus