ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് (Directorate of Medical Education) കീഴില്‍ വരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെയായിരിക്കും പുതിയ നിരീക്ഷണ സംവിധാനം ബാധിക്കുക. ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മന്ത്രി കെ. സുധാകറാണ് ഇക്കാര്യം പുറത്തുവിട്ടത്.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം വരെയാളുകള്‍ അവരുടെ ഔദ്യോഗിക ജോലി സമയത്ത് പോലും പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പ് മൈസൂരില്‍ നടത്തിയ ഒരു പത്രസമ്മേളനത്തിനിടയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കുന്നതിന് വേണ്ടി ജിയോ ടാഗിങ് സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് മന്ത്രി കെ. സുധാകര്‍ സംസാരിച്ചിരുന്നു.
ഡോക്ടര്‍മാരുടെ സേവനം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ 100 ശതമാനം ബയോമെട്രിക് ഹാജര്‍ സംവിധാനം കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം മൂന്ന് ഇടവേളകളില്‍ ഡോക്ടര്‍മാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിരുന്നു.
”എന്നാല്‍ ഈ സംവിധാനത്തില്‍ ചില സാങ്കേതിക തകരാറുകളുണ്ട്. അതുകൊണ്ട് ഞങ്ങളിപ്പോള്‍ ജിയോ-ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്,” എന്നാണ് മന്ത്രി കെ. സുധാകര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും എന്നാല്‍ അത് ഡ്യൂട്ടി സമയത്ത് ചെയ്യുന്നതിലാണ് പ്രശ്‌നമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ചെയ്യുന്ന തെറ്റിന് മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ശിക്ഷിക്കുന്ന രീതിയിലുള്ളതാണ് ഈ നിരീക്ഷണ സംവിധാനമെന്ന വിമര്‍ശനവും വ്യാപകമായി ഉയരുന്നുണ്ട്.
Content Highlight: Karnataka gov to introduce GPS tracking system on govt doctors