ബെംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. നാല് മാസം മാത്രം പൂര്‍ത്തിയാക്കിയ യെദ്യൂരപ്പ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ കഴിയുമോയെന്ന് 15 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അറിയാം.
പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. പത്ത് മണിയോടെ ഫലം വ്യക്തമാവും. 67.91 ശതമാനമായിരുന്നു പോളിംഗ്. ബി.ജെ.പി ആറ് സീറ്റെങ്കിലും നേടിയില്ലെങ്കില്‍ സര്‍ക്കാരിന് തുടരാന്‍ ജെ.ഡി.എസിന്റെ പിന്തുണ ആവശ്യമായി വരും.
നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണ്ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
224 അംഗങ്ങളായിരുന്നു കര്‍ണ്ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 17 എം.എല്‍.എമാര്‍ രാജി വെച്ച് ബി.ജെ.പിയിലെത്തിയതോടെയാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണത്.
പിന്നാലെ സ്പീക്കര്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയെങ്കിലും 15 മണ്ഡലങ്ങളിലേക്ക് മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞത്. മസ്‌കി, ആര്‍.ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹരജി കര്‍ണ്ണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടുത്തെ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാത്തത്.