ഫ്രാൻസ് താരങ്ങളെ അൺഫോളോ ചെയ്ത് കരീം ബെൻസെമ; ഫോളോ ചെയ്യുന്നത് നാല് ഫ്രഞ്ച് താരങ്ങളെ മാത്രം
football news
ഫ്രാൻസ് താരങ്ങളെ അൺഫോളോ ചെയ്ത് കരീം ബെൻസെമ; ഫോളോ ചെയ്യുന്നത് നാല് ഫ്രഞ്ച് താരങ്ങളെ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 5:56 pm

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആവേശകരമായി അവസാനിച്ചപ്പോൾ ഫ്രാൻസിനെ തകർത്ത് അർജന്റീന തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കി. 1978, 1986 എന്നീ വർഷങ്ങളിൽ ലോകകപ്പ് നേടിയതിന് ശേഷം നീണ്ട 36വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റൈൻ ടീം തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്.

എന്നാൽ ലോകകപ്പ് തോൽവിയോടെ ഫ്രാൻസിലും ഫ്രഞ്ച് ടീമിനുള്ളിലും പല അസ്വാരസ്യങ്ങളും പൊട്ടിപുറപ്പെട്ടിരുന്നു. ലോകകപ്പ് തോൽവിക്ക് ശേഷം ഫ്രഞ്ച് നഗരങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ മുതൽ ഫ്രഞ്ച് താരങ്ങളായ ആഫ്രിക്കൻ വംശജർക്ക് നേരെയുണ്ടായ വംശീയ അക്രമങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

അതേസമയം നിലവിലെ ബാലൻ ഡി ഓർ ജേതാവായ കരീം ബെൻസെമയെ പരിക്ക് ഭേദമായിട്ടും ടീമിൽ ഉൾപെടുത്താതിരുന്നതിനെതിരെ ചില ആരാധകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കൂടാതെ ബെൻസെമയെ ടീമിൽ ഉൾപെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘എനിക്ക് ഒന്നും പറയാനില്ല’ എന്ന മറുപടിയാണ് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് നൽകിയത്.

കൂടാതെ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ കാണാൻ താല്പര്യമില്ല എന്ന് തുറന്ന് പറഞ്ഞ ബെൻസെമ ലോകകപ്പിന് പിന്നാലെ രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു.

എന്നാലിപ്പോൾ ഫ്രഞ്ച് ഫുട്ബോൾ താരങ്ങളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് കരീം ബെൻസെമ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏകദേശം പതിനഞ്ച് ഫ്രഞ്ച് താരങ്ങളെ ബെൻസെമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും അൺ ഫോളോ ചെയ്തു എന്നാണ് പ്രമുഖ സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക അടക്കം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

എന്നാൽ ഫ്രഞ്ച് ടീം അംഗങ്ങളായ കിലിയൻ എംബാപ്പെ, റാഫേൽ വരാനേ, മാർക്കസ് തുരം, എഡ്വാർഡോ കാമവിങ്ക എന്നീ ഫ്രഞ്ച് താരങ്ങളെ മാത്രമാണ് ബെൻസെമ നിലവിൽ ഫോളോ ചെയ്യുന്നത്.

കൂടാതെ തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ താരങ്ങളെ മാത്രമാണ് പിന്നെ അദ്ദേഹം ഫോളോ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.
റയൽ മാഡ്രിഡിൽ ബെൻസെമയുടെ അവസാന സീസൺ ആയിരിക്കും ഇപ്പോഴത്തെത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടാതെ മറ്റൊരു ഫ്രഞ്ച് സൂപ്പർ താരവും പി.എസ്.ജി യുടെ മുന്നേറ്റ നിരയെ അടക്കിവാഴുന്ന പ്ലെയാറുമായ കിലിയൻ എംബാപ്പെയെ വൻ തുകക്ക് ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്‌ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം 35 വയസ്സിനുള്ളിൽ 97 രാജ്യാന്തര മത്സരങ്ങൾ ഫ്രഞ്ച് ടീമിനായി കളിച്ച ബെൻസെമ 37 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2009 സീസൺ മുതൽ ക്ലബ്ബ് കരിയറിൽ താരം റയൽ മാഡ്രിഡിനായാണ് ജേഴ്സി അണിയുന്നത്.

2022 ലോകകപ്പ് പരിക്ക് മൂലം നഷ്ടമായ താരത്തിന് 2018 ലോകകപ്പ് സെക്സ് ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ടിരുന്നു.

 

Content Highlights: Karim Benzema unfollowed the French players; He Followed Only four French players