കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പുനപരിശേധിക്കണമെന്ന് ഇടതു സഹയാത്രികനും മുന്‍ എം.എല്‍.എയുമായ കാരാട്ട് റസാഖ്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും
ഇടതുപക്ഷത്തെ എക്കാലത്തും സഹായിച്ച പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീറാംവെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും.
ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത്’
2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.
റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെയായിരുന്നു വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. സംഭവത്തിന് പിന്നാലെ വിവിധ സംഘടനകളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും പ്രതിഷേധം ഉണ്ടായിരുന്നു.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ് എല്ലാ പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ടായിരുന്നുവെന്നാണ് കേരള മുസ്ലിം ജമാഅത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സന്‍ മുസ്ലിയാറുടെ പ്രതികരണം.