ഇന്ത്യന്‍ ക്രിക്കറ്റില്‍ തങ്കലിപികളില്‍ എഴുതി വെക്കപ്പെട്ട വര്‍ഷമാണ് 1983. ആര്‍ത്തിരമ്പുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി ലോയ്ഡിന്റെ കരീബിയന്‍ പടയെ നിഷ്പ്രഭമാക്കി കപിലിന്റെ ചെകുത്താന്‍മാര്‍ ലോകത്തിന്റെ നെറുകയിലെത്തിയ വര്‍ഷമായിയുന്നു 1983.
തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരീബിയന്‍ പടയേയും ക്രിക്കറ്റ് ഇതിഹാസങ്ങളായ ക്ലൈവ് ലോയ്ഡിനേയും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും കാഴ്ചക്കാരാക്കിയായിരുന്നു കപില്‍ ഇന്ത്യയ്ക്ക് ആദ്യത്തെ ലോകകപ്പ് സമ്മാനിച്ചത്.
ഇപ്പോഴിതാ 83ലെ ലോകകപ്പ് നേടാന്‍ തന്നെ സഹായിച്ച വസ്തുതയെ കുറിച്ച് വെളിപ്പെടുത്തുകയാണ് കപില്‍. കപിലിന്റെ ബയോപിക്കിനെ കുറിച്ച് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കപിലിന്റെ വെളിപ്പെടുത്തല്‍.
‘നിങ്ങള്‍ക്കാരെ കുറിച്ചും ബയോപിക്കുകളുണ്ടാക്കാം. ഞാനായിരുന്നു ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനെങ്കിലും സഹതാരങ്ങളുടെ പിന്തുണയില്ലെങ്കില്‍ നിങ്ങള്‍ കണ്ട കപിലിന്റെ നാലിലൊന്ന് പോലും അന്നുണ്ടാവില്ല.
വ്യക്തിത്വമാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലുത്. ടീമിലെ എല്ലാവരുടെയും വ്യക്തിത്വം തന്നെയാണ് ലോകകപ്പിന് കാരണമായത്. വലുതെന്തെങ്കിലും നേടാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വയം വ്യക്തിത്വം ഉണ്ടാക്കിയെടുക്കുക,’ കപില്‍ പറയുന്നു.
ലോകകപ്പ് സ്‌ക്വാഡിലെ ഒരാളെ പോലും പ്രാക്ടീസിനോ മറ്റ് കാര്യങ്ങള്‍ക്കോ വേണ്ടി നിര്‍ബന്ധിക്കേണ്ടി വന്നിട്ടില്ലെന്നും, അവര്‍ സ്വയം തങ്ങളുടെ ലിമിറ്റിനെ മറികടന്ന് മുന്നോട്ട് പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വിന്‍ഡീസിനെയും സിംബാബ്‌വെയും തോല്‍പിച്ചായിരുന്നു ഇന്ത്യ ലോകകപ്പില്‍ തുടങ്ങിയത്. പിന്നെയുള്ള രണ്ട് മത്സരവും തോല്‍ക്കുകയായിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ ജയിച്ചാണ് ഇന്ത്യ അന്ന് വിശ്വവിജയികളായത്.
ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ കപിലും തിളങ്ങിയ ലോകപ്പായിരുന്നു 83ലേത്. സിംബാബ് വേയ്‌ക്കെതിരം നേടിയ 175 അടക്കം 303 റണ്‍സായിരുന്നു കപിലിന്റെ സമ്പാദ്യം. ലോകകപ്പില്‍ 12 വിക്കറ്റുകളും നേടിയ കപില്‍ ടൂര്‍ണമെന്റിലെ മികച്ച ഫീല്‍ഡര്‍ കൂടിയായിരുന്നു.