Movie Day
ചികിത്സ വൈകിയെന്ന് പറഞ്ഞ് രോഗിയുടെ ബന്ധുക്കള്‍ എന്നെ അടിച്ചു, കേസായി; അന്ന് സാക്ഷി പറഞ്ഞത് അവരാണ്: റോണി ഡേവിഡ്
കൊച്ചിയിലെ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുമ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടനും കണ്ണൂര്‍ സക്വാഡിന്റെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ് രാജ്. ചികിത്സിക്കാന്‍ വൈകിയെന്ന് പറഞ്ഞ് ചിലര്‍ വന്ന് തന്നെ മര്‍ദ്ദിച്ചതിനെ കുറിച്ചാണ് റോണി
ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
‘ഞാന്‍ കൊച്ചിയിലെ ഹോസ്പിറ്റലില്‍ ഡോക്ടറായി വര്‍ക്ക് ചെയ്യുമ്പോള്‍ പരിചിതരായ ഒരുപാട് സിസ്റ്റേഴ്സുണ്ട്. അവരായിരിക്കും ചില സമയത്ത് കുറച്ച് ബഫറിങ് തരുന്നത്.
നൈറ്റ് ഡ്യൂട്ടിയൊക്കെയാകുമ്പോള്‍ തുടര്‍ച്ചയായി രോഗികള്‍ വരും. അതിനിടയില്‍ ഒരു അഞ്ചോ പത്തോ മിനിറ്റ് പോലും നമുക്ക് ബ്രേക്ക് കിട്ടില്ല. ആ സമയത്തൊക്കെ നമ്മളെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നത് അവരാണ്. പേഷ്യന്റ്‌സുണ്ട് വരണം എന്ന് വിളിച്ച് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് വന്നേ പറ്റുകയുള്ളു.
ഒരിക്കല്‍ എന്നെ അവിടെ രോഗികള്‍ വന്ന് അടിച്ചിട്ട് പോകുന്ന ഒരു അവസ്ഥ വരെയുണ്ടായിരുന്നു. വേറെയൊന്നും കൊണ്ടല്ല. ഒരു ഫാമിലി വന്നപ്പോള്‍ ഞാന്‍ ഒരു ബംഗാളിയുടെ ചെവി തുന്നി കൊടുക്കുന്ന തിരക്കിലായിരുന്നു.
അവരെ നോക്കാന്‍ വൈകി എന്ന് പറഞ്ഞുകൊണ്ട് ആ ഫാമിലി എന്നെ തല്ലുകയും അത് പിന്നെ വലിയ വിഷയമായി വരികയും ചെയ്തു. കേസൊക്കെയായി. ആ കേസിന് സാക്ഷിയായി വന്നത് അവിടുത്തെ സിസ്റ്റര്‍മാരായിരുന്നു.
സാക്ഷി പറയരുത് എന്ന് പറഞ്ഞ് അവര്‍ക്ക് ഭീക്ഷണിയെല്ലാമുണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്നെ സഹായിച്ചു. അവര്‍ക്ക് ശരിക്കും അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എന്നാലും അവര്‍ എനിക്കായി അത്രയും ചെയ്തു.
അതിന്റെ ഒരു സ്നേഹത്തിന്റെ പേരില്‍ എല്ലാ ക്രിസ്മസിനും ഞാന്‍ അവിടെ പോവും. അവരുടെ കൂടെ കേക്ക് മുറിക്കും’, റോണി ഡേവിഡ് രാജ് പറഞ്ഞു.
സിനിമയില്‍ നിന്നും വലിയ തിരിച്ചടി നേരിട്ട കുടുംബമായതുകൊണ്ട് തന്നെ താനോ അനിയനോ സിനിമയില്‍ വരുന്നതിനോട് അച്ഛന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്നും എങ്കിലും കറങ്ങിത്തിരിഞ്ഞ് തങ്ങള്‍ രണ്ടുപേരും സിനിമയില്‍ തന്നെ എത്തിയെന്നും റോണി അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘മമ്മൂക്കയുടെ പഴയ പടം പ്രൊഡ്യൂസ് ചെയ്തത് എന്റെ അപ്പനാണ്. ജോഷി സാര്‍ സംവിധാനം ചെയ്ത മഹായാനം. അത് അന്ന് കൃത്യമായ രീതിയില്‍ എക്‌സിക്യുട്ട് ചെയ്യാന്‍ കഴിയാത്തതുകൊണ്ട് വലിയ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ വന്നിട്ട് നാട് വിട്ട ആള്‍ക്കാരാണ്. അപ്പോള്‍ ഇന്ന് ഞങ്ങളുടെ പ്രതികാരമാണ്. ചേട്ടന്റെയും അനുജന്റെയും പ്രതികാരമാണെന്ന് പറയാം, അതേ നായകനെ വെച്ച് 35 വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ ഹിറ്റ് അടിച്ചു. അതൊരു മരണമാസാണ്. ഇത് വരെ ഞാനിത് ഒരിടത്തും പറഞ്ഞിട്ടില്ല.
ആ പടത്തിന്റെ പരാജയ സമയത്ത് റോബിക്ക് നാല് വയസാണ്, ഞാന്‍ അന്ന് കുറച്ചുകൂടെ മുതിര്‍ന്നതാണ്, ഞങ്ങള്‍ താമസിച്ചുകൊണ്ടിരുന്ന വീടും പണിതുകൊണ്ടിരുന്ന വീടും വിറ്റിട്ടാണ് നാട് വിടുന്നത്. അത്രമാത്രം ഫിനാന്‍ഷ്യല്‍ ക്രൈസിസില്‍ ആയിരുന്നു.
പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് നാടകങ്ങളൊക്കെ ചെയ്യുന്നത് അച്ഛന് ഇഷ്ടമില്ലായിരുന്നു. ‘സിനിമയിലോട്ടാണ് നിന്റെ പോക്ക്, ഞാന്‍ തന്നെ ജീവിതം കളഞ്ഞ ആളാണ്, ആവശ്യത്തിന് മാര്‍ക്ക് ഉണ്ടല്ലോ, പിന്നെ നീ അങ്ങോട്ട് പോകല്ലേ’ എന്ന് എന്റെ അടുത്ത് പറയുമായിരുന്നു. ഫിസിക്‌സിലും കെമിസ്ട്രിയിലുമൊക്കെ മാര്‍ക്ക് ഉണ്ടെന്ന് പറഞ്ഞ് പുള്ളി എന്നെ നിര്‍ബന്ധിച്ച് മെഡിസിന് കൊണ്ട് ചേര്‍ത്തു,’ റോണി പറഞ്ഞു.
Content Highlight: Kannur Squad Script Writer Roni George about a bad experiance he faced on a hospital