Daily News
ഫീസടക്കാന്‍ വൈകി: പുറത്താക്കല്‍ ഭീഷണി നേരിട്ട് പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 23, 04:46 am
Thursday, 23rd June 2016, 10:16 am

pariyaram

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ പുറത്താക്കല്‍ ഭീഷണി നേരിട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍.

ജൂലായ് നാലിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചത്. ഈ മാസം 20 ന് മുന്‍പായി ഫീസടക്കാത്തപക്ഷം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കുമെന്ന് കാണിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളാണ് നോട്ടീസ് ഇറക്കിയത്. ഫീസടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കില്ലെന്നും വാര്‍ഡ് ഡ്യൂട്ടിക്ക് ഇവരെ നിയമിക്കില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ഫീസടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായി തന്നെ ക്ലാസില്‍ നിന്നും പുറത്താക്കിയതാണെന്ന് കാണിച്ച് പി.ജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാഫിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

PARIYARAM1

ഇടതുപക്ഷം ഭരിക്കുന്ന പരിയാരത്തെ വിദ്യാഭ്യാസ കച്ചവടത്തിന്റെ നേര്‍സാക്ഷ്യം എന്നു പറഞ്ഞുകൊണ്ടാണ് പുറത്താക്കല്‍ നോട്ടീസ് പോസ്റ്റ് ചെയ്തത്. .ഇരുപതാം തിയതിക്കകം ഫീസടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്നും പുറത്താക്കുമെന്നാണ് പറഞ്ഞതെന്നും കഴിഞ്ഞ രണ്ടു ദിവസമായി തന്നെ ക്ലാസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ക്ലാസ് തുടങ്ങിയത് ജൂലായ് നാലിനാണെന്നും വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പേ ഫീസടച്ചില്ലെങ്കില്‍ പുറത്താക്കുക എന്ന നടപടിയാണ് പ്രിന്‍സിപ്പല്‍ കൈക്കൊള്ളുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

ഫീസടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇറക്കിയ ആദ്യ നോട്ടീസില്‍ തന്നെ പുറത്താക്കല്‍ പ്രഖ്യാപനം നടത്തിയെന്നും എന്തിനു താഴെയും ഒപ്പിടാന്‍ തയ്യാറായി പദവിയുടെ മഹത്വം അറിയാത്തവരാണ് കോളേജിന്റെ തലപ്പത്തിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി കോഴിക്കോട്ടെ തെരുവിഴികളില്‍ താന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ക്കും കൂടിയായതില്‍ താന്‍ ലജ്ജിക്കുന്നു എന്ന് പറഞ്ഞാണ് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് ഷാഫി കുറിപ്പ് അവസാനിപ്പിക്കുന്നത്.