പാനൂര്‍: കണ്ണൂരില്‍ പതിനൊന്നുകാരന്‍ നിഹാലിനെ പട്ടി കടിച്ചുകൊന്ന സംഭവത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. അക്രമകാരികളായ പട്ടികളെ എന്ത് ചെയ്യണമെന്ന് പറയേണ്ടത് സുപ്രീം കോടതിയാണെന്നും ഇന്നലെയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ കോടതി ഇടപെടണമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമകാരികളായ പട്ടികളെ കൊല്ലാനുള്ള അനുമതി വേണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നും പി.പി. ദിവ്യ പറഞ്ഞു. ‘ജനങ്ങളുടെ ജീവനാണ് വില നല്‍കേണ്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് കണ്ണൂര്‍ ജില്ലയിലാണ്.
നിയമം പോലും ലംഘിച്ച് കൊണ്ട് ചില കാര്യങ്ങളെല്ലാം ചെയ്യേണ്ടതുണ്ടോയെന്ന ആധി ഞങ്ങള്‍ക്കുണ്ട്. തെരുവ് പട്ടികളെ വന്ധ്യംകരിക്കുന്ന എ.ബി.സി മാത്രം കൊണ്ട് ഈ പ്രതിസന്ധിയെ നേരിടാനാകില്ല. എത്ര സൗകര്യമുണ്ടായാലും കണ്ണൂര്‍ ജില്ലയിലെ 29,000 തെരുവ് പട്ടികളെ ഒറ്റയടിക്ക് വന്ധ്യംകരിക്കുകയെന്നത് സാധ്യമല്ല,’ ദിവ്യ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ‘സംസ്ഥാന സര്‍ക്കാരിനോ ഹൈക്കോടതിക്കോ പോലും ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
നിയമം പോലും ലംഘിച്ച് കൊണ്ട് ചില കാര്യങ്ങളെല്ലാം ചെയ്യേണ്ടതുണ്ടോയെന്ന ആധി ഞങ്ങള്‍ക്കുണ്ട്. 2017 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ എ.ബി.സി പദ്ധതി തുടങ്ങിയതാണ്.
കൊവിഡ് കാലത്ത് ഇടക്ക് മുടങ്ങിയെങ്കിലും, എട്ട് മാസം മുമ്പ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ക്ക് പ്രവര്‍ത്തനം പുതിയ സെന്ററില്‍ നല്ല സൗകര്യങ്ങളോട് കൂടി ആരംഭിച്ചിട്ടുണ്ട്,’ ദിവ്യ പറഞ്ഞു.
മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത പറഞ്ഞു. മറ്റിടങ്ങളില്‍ ഉള്ളതുപോലെ തെരുവ് നായ്ക്കള്‍ മുഴുപ്പിലങ്ങാടുമുണ്ടെന്നും അവയെ നിയന്ത്രിക്കാന്‍ എ.ബി.സി അടക്കമുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സജിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇവിടെ ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ നിഹാലിനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് കൊല്ലപ്പെട്ടത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നിഹാലിനെ നാട്ടുകാര്‍ കണ്ടെത്തിയത്.
ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. വീടിന് 300 മീറ്റര്‍ അകലെ ഗുരുതര പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.