മൂന്നാറില്‍ നിന്നും ഷഫീക്ക് എച്ച്
മുന്നാര്‍: കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷനില്‍ കടുത്ത തൊഴില് ചൂഷണത്തിനും നീതി നിഷേധത്തിനും ഇരയാവുന്നവരില്‍ ഭൂരിഭാഗവും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദളിത് വിഭാഗത്തിലെ ഏറ്റവും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍. പൊതുസമൂഹത്തില്‍ നിന്ന് അരികുവല്‍ക്കരിക്കപ്പെട്ട പറയ, ചക്ലിയാര്‍, പള്ളര്‍ എന്നീ ജാതിയില്‍പ്പെട്ടവരാണ് അതിജീവനത്തിനായി സമരം നടത്തുന്നത്. തേവര്‍ വിഭാഗത്തില്‍പ്പെട്ടവരും ഉണ്ട്.
തമിഴ്‌നാട്ടില്‍ തോട്ടിപ്പണിയുള്‍പ്പെടെ പരമ്പരാഗത തൊഴിലെടുക്കുന്ന വിഭാഗമാണ് ചക്ലിയാര്‍ സമുദായം. പറയ, പള്ളര് വിഭാഗങ്ങളും സമൂഹത്തിന്റെ അടിച്ചമര്‍ത്തലിന് വിധേയരാവുന്നവരാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് തോട്ടം പണിക്ക് തമിഴ്‌നാട്ടില് നിന്ന് ബലം പ്രയോഗിച്ച് കൊണ്ടുവന്നവരാണ് ചക്ലിയാര്‍ വിഭാഗം.
ആധുനിക കാലത്തെ കൂലി അടിമത്തം
ജനാധിപത്യ കാലത്തും ഇവര്‍ കടുത്ത അടിമപ്പണിക്ക് ഇരയാവുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പിന്നാക്ക ജാതിയില്‍പ്പെട്ടവരായ ഇവരുടെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നാക്കാവസ്ഥയെ ചൂഷണം ചെയ്താണ് തൊഴിലാളികളെ അടിമപ്പണിക്ക് വിധേയരാക്കുന്നത്.
മൂന്ന് സ്ലാബുകളായാണ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നത്. ഏറ്റവും കുറഞ്ഞത് 21 കിലോ തേയില തൊഴിലാളികള്‍ നുള്ളണം. അതിനു മുകളില്‍ നുള്ളുകയാണെങ്കില്‍ അവര്‍ക്ക് അധിക ശമ്പളം നല്‍കുന്നു എന്നാണ് പ്ലാന്റേഷന്‍ അവകാശപ്പെടുന്നത്.
ജാതീയമായ പിന്നാക്കാവസ്ഥ ചൂഷണം ചെയ്താണ് കണ്ണന്‍ദേവന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും താഴ്ന്ന കൂലി നല്‍കുന്നത്. ക്രോപ്പ് ഏറ്റവും അധികം ഉണ്ടാവുന്ന ജനുവരി, ഫെബ്രുവരി, ഓഗസ്റ്റ് മാസത്തില്‍ 21 കിലോയാണ് തൊഴിലാളികള്‍ ശേഖരിക്കേണ്ട മിനിമം ക്വാട്ട തേയില. ബാക്കിയുള്ള മാസങ്ങളില്‍ 18 കിലോയും.
തുടര്‍ന്ന് ശേഖരിക്കുന്ന ആദ്യ 14 കിലോ വരെയുള്ള തേയിലയ്ക്ക് കിലോക്ക് 60 പൈസയാണ് ഇന്‍സെന്റീവ് ആയി തൊഴിലാളികള്‍ക്ക് നല്‍കുന്നത്. തുടര്‍ന്നു വരുന്ന 14 കിലോ വരെ, കിലോയ്ക്ക് 85 പൈസയാണ് നല്‍കുന്നത്. മൊത്തം 49 കിലോയില്‍ അധികം ശേഖരിച്ചാല്‍ 1 രൂപ പത്ത് പൈസ ലഭിക്കും.
അധികമായി ശേഖരിക്കുന്ന തേയിലക്ക് തൊഴിലാളിക്ക് 60 പൈസ മുതല്‍ ഒരു രൂപ പത്ത് പൈസ വരെയാണ് ലഭിക്കുന്നതെങ്കില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 4 രൂപ മുതല്‍ എട്ട് രൂപ വരെ ലഭിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍വൈസര്‍, ഫീല്‍ഡ് ഓഫീസര്‍, മാേജിങ് അസിസ്റ്റന്റ് എന്നിവര്‍ക്ക് യഥാക്രമം 4,6,8 രൂപ വരെ ഇന്‍സെന്റീവായി ലഭിക്കും.
തേയില നുള്ളേണ്ടത് കൈകള്‍കൊണ്ടാണ്. എന്നാല്‍ ധനമോഹം കാരണം തൊഴിലാളികള്‍ക്ക് ഗാര്‍ഡന്‍ സിസേഴ്‌സ് നല്‍കി അതുകൊണ്ടാണ് തേയില നുള്ളിക്കുന്നത്. വളരെ ഭാരം നിറഞ്ഞതാണ് സിസ്സേഴ്‌സ്. ദിനം പ്രതി മണിക്കൂറുകളാണ് തൊഴിലാളികള്‍ സിസേഴ്‌സ് വെച്ച് തേയില പറിക്കുന്നത്. ഇതുകാരണം തോളസ്ഥികള്‍ക്ക് തേയ്മാനം ഉള്‍പ്പെടെ പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നതായി തൊഴിലാളികള്‍ പറയുന്നു.