കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഗുരുതര പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയും കുഴഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നിരവധി പേരാണ് സന്നദ്ധ സേവനവും സാഹത്തികസഹായവും നല്‍കിക്കൊണ്ട് മുന്നോട്ടുവരുന്നത്.
ഇപ്പോള്‍ രോഗികളെ ആശുപത്രികളിലെത്തിക്കാനായി ആംബുലന്‍സ് ഡ്രൈവറായിരിക്കുകയാണ് കന്നഡ നടന്‍ അര്‍ജുന്‍ ഗൗഡ. ബാംഗ്ലൂര്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആംബുലന്‍സ് ഡ്രൈവറായതിനെ കുറിച്ച് നടന്‍ പറഞ്ഞത്.
അര്‍ജുന്റെ നേതൃത്വത്തില്‍ കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും രോഗം ബാധിച്ച് മരിച്ചവരെ ശവസംസ്‌കാരം നടത്തുന്ന സ്ഥലങ്ങളിലെത്തിക്കാനുമായി ആംബുലന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ മെഡിക്കല്‍ സൗകര്യങ്ങളോടും കൂടിയ ആംബുലന്‍സുകളാണ് നടന്റെ സഹായത്തോടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി സേവനം നടത്തുന്നത്.
ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറച്ചു ദിവസം താനും ആംബുലന്‍സ് ഡ്രൈവറായി ചെന്നിരുന്നുവെന്ന് നടന്‍ പറയുന്നു. ‘കുറച്ച് ദിവസം ഞാന്‍ ആംബുലന്‍സ് ഓടിച്ച് ഈ റോഡുകളിലുണ്ടായിരുന്നു. അതിനുള്ളില്‍ തന്നെ, രോഗം ബാധിച്ച് മരിച്ച കുറച്ച് പേരെ അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കണം. അപ്പോള്‍ ആ സഹായം ആവശ്യമുള്ളയാളുകളുടെ മതമോ സ്ഥലമോ ഒന്നും നമുക്ക് തടസ്സമാകരുത്,’ അര്‍ജുന്‍ പറയുന്നു.
സിനിമാമേഖലയില്‍ നിന്നുള്ള നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ സാമ്പത്തിക സഹായവും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുന്നത്.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടിയാണ് രോഗം ബാധിച്ചത്. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3498 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 1,53,84,418 ആയി ഉയര്‍ന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക