ബോളിവുഡിനെ രക്ഷിച്ചത് ദൃശ്യവും തബുവും, 52ാം വയസിലും കരിയര്‍ ബെസ്റ്റ്; അഭിനന്ദനവുമായി കങ്കണ റണാവത്ത്
Film News
ബോളിവുഡിനെ രക്ഷിച്ചത് ദൃശ്യവും തബുവും, 52ാം വയസിലും കരിയര്‍ ബെസ്റ്റ്; അഭിനന്ദനവുമായി കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st November 2022, 11:58 am

അജയ് ദേവ്ഗണ്‍ ചിത്രം ദൃശ്യം 2വിനേയും തബുവിന്റെ പ്രകടനത്തേയും പ്രശംസിച്ച് കങ്കണ റണാവത്ത്. ഭൂല്‍ ഭുലയ്യ 2വും ദൃശ്യം 2വും മാത്രമാണ് ഈ വര്‍ഷം വിജയിച്ച ഹിന്ദി സിനിമകളെന്നും രണ്ട് ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി തബു ഉണ്ടായിരുന്നുവെന്നും കങ്കണ പറഞ്ഞു. 50 പിന്നിട്ടിട്ടും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അവരെ അഭിനന്ദിക്കണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പറഞ്ഞു.

‘രണ്ട് ഹിന്ദി സിനിമകള്‍ മാത്രമാണ് ഈ വര്‍ഷം വിജയിച്ചത്. ഭൂല്‍ ഭുലയ 2വും ദൃശ്യം 2വും. രണ്ട് സിനിമകളിലും കേന്ദ്രകഥാപാത്രമായി തബു ഉണ്ട്. 50 പിന്നിട്ട അവര്‍ ഒറ്റക്ക് ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയെ രക്ഷിക്കുകയാണ്.

അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ 50കളിലും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തി അവര്‍ കരിയറിന്റെ പീക്കിലെത്തുന്നത് അഭിനന്ദനാര്‍ഹമാണ്. അചഞ്ചലമായ സമര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഇത് വലിയ പ്രചോദനമാണ്,’ കങ്കണ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ റീമേക്കാണ് അജയ് ദേവ്ഗണ്‍ നായകനായി അതേ പേരില്‍ തന്നെ പുറത്തിറങ്ങിയത്. നേരത്തെ തന്നെ ചിത്രത്തിന്റെ ഒന്നാം ഭാഗവും റീമേക്ക് ചെയ്തിരുന്നു.

നവംബര്‍ 18ന് റിലീസ് ചെയ്ത ദൃശ്യം 2 വാരാന്ത്യത്തോടെ 60 കോടിയിലധികമാണ് നേടിയത്. ഞായറാഴ്ച മാത്രം 27 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

അഭിഷേക് പാഠക് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദൃശ്യം ഒന്നാം ഭാഗം ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.

Content Highlight: Kangana Ranaut praised Drishyam 2 and Tabu’s performance