നിരവധി മികച്ച താരനിര ഒന്നിച്ച് 1991ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പൂക്കാലം വരവായി. പി.ആര്‍. നാഥന്റെ കഥയില്‍ നിന്ന് രഞ്ജിത്ത് എഴുതിയ ഈ സിനിമ സംവിധാനം ചെയ്തത് കമലായിരുന്നു. ജയറാം, സുനിത, ശാമിലി, മുരളി, ഗീത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.
ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, രേഖ, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശങ്കരാടി, കല്‍പന, കുതിരവട്ടം പപ്പു, പറവൂര്‍ ഭരതന്‍ തുടങ്ങിയ വലിയ താരങ്ങള്‍ ഒന്നിച്ച സിനിമയില്‍ തിക്കുറിശ്ശിയും അഭിനയിച്ചിരുന്നു. ഇപ്പോള്‍ തിക്കുറിശ്ശിയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയില്‍ ഞാന്‍ ഒട്ടും മറന്നു പോകാത്ത അല്ലെങ്കില്‍ മറക്കാന്‍ പാടില്ലാത്ത ഒരാളുണ്ട്. തിക്കുറിശ്ശി ചേട്ടനായിരുന്നു അത്. തിക്കുറിശ്ശി ചേട്ടനെ കുറിച്ച് പറയുമ്പോള്‍ നമുക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്, മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറെന്ന് പറയാവുന്ന വ്യക്തിയാണ് തിക്കുറിശ്ശി ചേട്ടന്‍. ഇപ്പോഴത്തെ ജനറേഷന് അദ്ദേഹത്തെ കുറിച്ചറിയില്ല. സത്യനും പ്രേം നസീറിനും മുമ്പ് മലയാളത്തിലെ ആദ്യ വലിയ നായകനായിരുന്നു തിക്കുറിശ്ശി.
അദ്ദേഹം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കഥ എഴുതുകയും പാട്ട് എഴുതുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ മേഖലയിലും നിറഞ്ഞ വേഴ്സറ്റൈല്‍ ആയിരുന്ന കലാകാരനായിരുന്നു തിക്കുറിശ്ശി ചേട്ടന്‍. പത്മശ്രീയും ജെ.സി. ഡാനിയേല്‍ അവാര്‍ഡും കിട്ടിയ വ്യക്തിയാണ് അദ്ദേഹം. പിന്നീട് ഒരുപാട് ജനറേഷന്റെ കൂടെ അഭിനയിച്ചിട്ടുമുണ്ട്.
പ്രേം നസീറിന്റെയും സത്യന്റെയും കാലഘട്ടം മുതല്‍ ജയന്റെയും സുകുമാരന്റെയും സോമന്റെയും കാലഘട്ടത്തിലും അതിന് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലഘട്ടത്തിലും അഭിനയിച്ചു. മോഹന്‍ലാലിന്റെ കൂടെ തിക്കുറിശ്ശി ചേട്ടന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുള്ള കാര്യമായിരുന്നു,’ കമല്‍ പറയുന്നു.
Content Highlight: Kamal Talks About Pookkalam Varavaayi Movie