പോപ്പിക്കുടയുടെ പരസ്യം കണ്ടിട്ടാണ് ആ സിനിമയിലേക്കുള്ള നായികയെ ഞാന്‍ തെരഞ്ഞെടുത്തത്: കമല്‍
Entertainment
പോപ്പിക്കുടയുടെ പരസ്യം കണ്ടിട്ടാണ് ആ സിനിമയിലേക്കുള്ള നായികയെ ഞാന്‍ തെരഞ്ഞെടുത്തത്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd July 2024, 11:37 am

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.

പുതുമുഖങ്ങളെ വെച്ച് കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി. സ്വന്തം വീട്ടില്‍ നിന്ന് സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലായിരുന്നു. കമലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മഞ്ഞുപോലൊരു പെണ്‍കുട്ടി മാറി.

ചിത്രത്തിലെ നായികയെ കണ്ടെത്തിയ കഥ പറയുകയാണ് സംവിധായകന്‍ കമല്‍. ടീനേജ് പിള്ളേരുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് പുതുമുഖങ്ങള്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കമല്‍ പറഞ്ഞു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാത്തതുകൊണ്ട് പത്രത്തില്‍ പരസ്യം കൊടുത്തിട്ടാണ് അന്ന് ഓഡിഷന്‍ നടത്തിയതെന്നും കമല്‍ പറഞ്ഞു.

ചിത്രത്തിലെ നായികയെ കിട്ടിയത് പോപ്പിക്കുടയുടെ പരസ്യം കണ്ടിട്ടാണെന്നും മുംബൈയില്‍ താമസമാക്കിയ അമൃതയെ ഈ സിനിമക്ക് വേണ്ടി വിളിച്ചെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. ഒരു പെണ്‍കുട്ടിക്ക് സ്വന്തം വീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന സെക്ഷ്വല്‍ അബ്യൂസിനെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. ടീനേജ് കുട്ടികളുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ പുതുമുഖങ്ങളെ വെച്ച് ചെയ്യാനായിരുന്നു പ്ലാന്‍. ഇന്നത്തെപോലെ സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാത്തതുകൊണ്ട് പത്രത്തില്‍ പരസ്യം കൊടുത്തിട്ടാണ് ഓഡിഷന്‍ നടത്തിയത്.

ആ സിനിമയിലെ നായികയെ എനിക്ക് കിട്ടിയത് ഒരു പരസ്യത്തില്‍ നിന്നാണ്. പോപ്പിക്കുടയുടെ പരസ്യം ടി.വിയില്‍ കണ്ടപ്പോള്‍ അതിലെ ഒരു കുട്ടിയെ മാത്രം ഞാന്‍ ശ്രദ്ധിച്ചു. ഈ സിനിമയിലെ നിധി എന്ന ക്യാരക്ടറിന് ആ കുട്ടി ഓക്കെയാണെന്ന് എനിക്ക് തോന്നി. കൂടുതലായി അന്വേഷിച്ചപ്പോള്‍ മുംബൈയില്‍ സെറ്റില്‍ഡായ അമൃത പ്രകാശ് എന്ന കുട്ടിയാണ് അതെന്ന് മനസിലായി. ആ കുട്ടിയുടെ ക്യൂട്ട്‌നെസ് എനിക്ക് വല്ലാതെ ഇഷ്ടമായി. അങ്ങനെയാണ് ഞാന്‍ ആ നായികയെ കണ്ടെത്തിയത്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal shares how he finds heroine for Manjupoloru Penkutti movie