ഗാന്ധിജിയുടെ വാക്കുകള്‍ കൊണ്ട് രജനി കാന്തിന് കമല്‍ഹാസന്റെ മറുപടി; തമിഴ്‌നാട്ടില്‍ താരയുദ്ധത്തിന് വേദിയൊരുങ്ങുന്നുവോ?
India
ഗാന്ധിജിയുടെ വാക്കുകള്‍ കൊണ്ട് രജനി കാന്തിന് കമല്‍ഹാസന്റെ മറുപടി; തമിഴ്‌നാട്ടില്‍ താരയുദ്ധത്തിന് വേദിയൊരുങ്ങുന്നുവോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2017, 7:53 am

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറഞ്ഞു കൊണ്ടിരിക്കുകയാണ്. പനീര്‍ശെല്‍വ്വവും ശശികലയും തമ്മിലുള്ള പോരായിരുന്നു ആദ്യ നാളുകളിലെ വാര്‍ത്തയെങ്കില്‍ ഉലകനായകന്‍ കമലഹാസന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇന്ന് ചര്‍ച്ചാ വിഷയം.

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഉലകനായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ചയും നടത്തി. അതിനിടെ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രജനിയ്ക്ക് പരോക്ഷ മറുപടിയുമായി കമലും എത്തിയിരിക്കുകയാണ്.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കമല്‍ ട്വീറ്റ് ചെയ്ത ഗാന്ധി സൂക്തമാണു ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്. “ആദ്യം അവര്‍ നിങ്ങളെ അവഗണിച്ചു, പിന്നീട് ചിരിച്ചു തള്ളി, പിന്നീട് നിങ്ങളോടു യുദ്ധം ചെയ്തു, ഒടുവില്‍ നിങ്ങള്‍ ജയിച്ചു” എന്ന ഗാന്ധിജിയുടെ വാക്കുകളായിരുന്നു കമലിന്റെ ട്വീറ്റ്. ഇത് രജനിക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.


Also Read;  അവാര്‍ഡുകള്‍ തിരിച്ച് നല്‍കുമെന്ന് പറഞ്ഞിട്ടില്ല; മോദിക്കെതിരായ പ്രസംഗത്തില്‍ വിശദീകരണവുമായി പ്രകാശ് രാജ്


കഴിഞ്ഞ ദിവസം ശിവാജി ഗണേശന്‍ സ്മാരകത്തിന്റെ ഉദ്ഘാടന വേദിയില്‍ രജനീകാന്ത് നടത്തിയ പ്രസംഗം കമലിനുള്ള മുന്നറിയിപ്പായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സിനിമയിലെ ഗ്ലാമര്‍ കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കണമെന്നില്ല, അതിനു മറ്റു പലതും വേണം. ആ രഹസ്യം എനിക്കറിയില്ല. കമലിന് അറിയാമായിരിക്കും എന്നായിരുന്നു രജനിയുടെ വാക്കുകള്‍.

ഗാന്ധി ജയന്തി ദിനമായ ഇന്നലെ കമല്‍ ട്വീറ്റ് ചെയ്ത ഗാന്ധി സൂക്തങ്ങള്‍ രജനിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.