Advertisement
Entertainment
ആ സീന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ രണ്‍ജി പണിക്കര്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു, എനിക്ക് കിട്ടിയ അവാര്‍ഡ് പോലെയായിരുന്നു അത്: വിജയരാഘവന്‍

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് വിജയരാഘവന്‍. 90കളില്‍ നായകനായി നിറഞ്ഞുനിന്ന വിജയരാഘവന്‍ പിന്നീട് സഹനടനായും വില്ലനായും വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ കുറച്ചുകാലങ്ങളായി ക്യാരക്ടര്‍ റോളുകള്‍ ചെയ്തും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വിജയരാഘവന് സാധിക്കുന്നുണ്ട്. പൂക്കാലം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാര്‍ഡും വിജയരാഘവനെ തേടിയെത്തി.

കരിയറില്‍ മറക്കാനാകാത്ത ഷൂട്ടിങ് അനുഭവങ്ങളിലൊന്ന് ഏകലവ്യന്‍ എന്ന ചിത്രത്തിലേതാണെന്ന് പറയുകയാണ് വിജയരാഘവന്‍. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചേറാടി കറിയ എന്ന വില്ലന്‍ കഥാപാത്രമായാണ് വിജയരാഘവന്‍ വേഷമിട്ടത്.

ചിത്രത്തില്‍ സിംഗിള്‍ ഷോട്ടിലെടുത്ത ഒരു സീനുണ്ടെന്നും അന്നത്തെ കാലത്ത് അത്തരം സീനുകള്‍ വളരെ കുറവായിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു. ക്യാമറ ക്രെയിനില്‍ നിന്ന് താഴേക്ക് വന്ന് പിന്നീട് കഥാപാത്രത്തിലേക്ക് ഫോക്കസ് ചെയ്യുന്ന തരത്തിലുള്ള സീനായിരുന്നു അതെന്നും തനിക്ക് രണ്ട് മൂന്ന് പേജുള്ള ഡയലോഗ് അതില്‍ ഉണ്ടായിരുന്നെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മാഗസിന്‍ ഫിലിം മുഴുവന്‍ ആ സീന്‍ എടുക്കാന്‍ ആവശ്യമായിരുന്നെന്നും റീടേക്കെടുത്താല്‍ ചെലവ് കൂടുതലാകുമെന്നും വിജയരാഘവന്‍ പറഞ്ഞു. താന്‍ ആ സീന്‍ ഒറ്റ ടേക്കില്‍ ഓക്കെയാക്കിയെന്നും ഡയലോഗ് പറഞ്ഞ് കഴിഞ്ഞിട്ടും ഷാജി കൈലാസ് കട്ട് വിളിച്ചില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ നോക്കിയപ്പോള്‍ ഷാജി കൈലാസ് അന്തം വിട്ട് നില്‍ക്കുകയായിരുന്നെന്നും ആരോ കട്ട് വിളിച്ചപ്പോള്‍ സെറ്റിലുള്ളവര്‍ കൈയടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. രണ്‍ജി പണിക്കര്‍ തന്റെയടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞെന്നും തനിക്ക് അത് വലിയൊരു അവാര്‍ഡ് പോലെയാണെന്നും വിജയരാഘവന്‍ പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘മറക്കാനാകാത്ത ഷൂട്ടിങ് അനുഭവങ്ങള്‍ ഒരുപാടുണ്ട്. അതില്‍ ഒന്നാണ് ഏകലവ്യനിലേത്. ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ കോമ്പോയുടെ പടമായിരുന്നു. ചേറാടി കറിയ എന്നായിരുന്നു അതിലെ എന്റെ ക്യാരക്ടറിന്റെ പേര്. ആ പടത്തില്‍ സിംഗിള്‍ ഷോട്ടില്‍ ഒരു സീനുണ്ട്. അന്നത്തെ കാലത്ത് സിംഗിള്‍ ഷോട്ടില്‍ ഒരു സീന്‍ എടുക്കുക എന്ന് പറഞ്ഞാല്‍ വലിയ ചെലവും അതിനെക്കാള്‍ റിസ്‌കും ആയിരുന്നു.

ഞാന്‍ കാറില്‍ വന്നിറങ്ങി സുരേഷ് ഗോപിയെ ചീത്ത വിളിക്കുന്ന സീനാണ്. ക്രെയിനില്‍ നിന്നാണ് ആ ഷോട്ട് ആരംഭിക്കുന്നത്. പിന്നീട് ക്യാമറ ക്യാരക്ടറിലേക്ക് ഫോക്കസാകുന്നതാണ്  കാണിക്കുന്നത്. ഒരു മാഗസിന്‍ ഫിലിം മുഴുവന്‍ അതിന് ചെലവാകും. റീടേക്ക് പോയാല്‍ ചെലവ് വീണ്ടും കൂടും. ഞാന്‍ അത് ഒറ്റ ടേക്കില്‍ ഓക്കെയാക്കി. ആ സീനിന്റെ അവസാനം സുരേഷ് ഗോപി എന്നെ തല്ലുന്നതില്‍ അവസാനിക്കും.

സീന്‍ കഴിഞ്ഞിട്ടും ഷാജി കട്ട് വിളിച്ചില്ല. ഞാന്‍ നോക്കുമ്പോള്‍ ഷാജി അന്തം വിട്ട് നോക്കി നില്‍ക്കുകയാണ്. ആരോ ഒരാള്‍ കട്ട് വിളിച്ചപ്പോള്‍ സെറ്റ് മൊത്തം കൈയടിയായിരുന്നു. രണ്‍ജി ഓടി എന്റെയടുത്ത് വന്നു. എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക് വലിയൊരു അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു ആ അനുഭവം,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Vijayaraghavan shares the appreciation he got from Renji Panicker in Ekalavyan movie