ഐ.പി.എല്‍ 2025ല്‍ സൂപ്പര്‍ താരം അക്‌സര്‍ പട്ടേല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എ.എന്‍.ഐ കറസ്‌പോണ്ടന്റ് വിപുല്‍ കശ്യപിനെ ഉദ്ധരിച്ച് വിവിധ കായിക മധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മുതല്‍ അക്‌സര്‍ പട്ടേല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി താരം ചില മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്. ഇപ്പോല്‍ പുതിയ സീസണില്‍ അക്‌സര്‍ ടീമിന്റെ സ്ഥിരം നായകനാകാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്.
അക്‌സര്‍ പട്ടേല്‍
ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താര ലേലത്തില്‍ ക്യാപ്പിറ്റല്‍സ് കെ.എല്‍. രാഹുലിനെ സ്വന്തമാക്കിയിരുന്നു. പഞ്ചാബ് കിങ്‌സിനെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും നയിച്ച രാഹുല്‍ തന്നെ ക്യാപ്പിറ്റല്‍സിനെ പുതിയ സീസണില്‍ നയിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ രാഹുലിനെ മറികടന്ന് അക്‌സറിനെ ക്യാപ്റ്റനാക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
മെഗാ താര ലേലത്തിന് മുന്നോടിയായി ദല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഒരാളായിരുന്നു അക്‌സര്‍ പട്ടേല്‍. ക്യാപ്റ്റന്‍ റിഷബ് പന്തിനെയടക്കം ലേലത്തില്‍ വിട്ടുകൊടുത്ത ക്യാപ്പിറ്റല്‍സ് അക്‌സറിനെ വിടാതെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു.
ജനുവരി 22 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി-20 ലോകകപ്പുയര്‍ത്തിയപ്പോള്‍ അക്‌സര്‍ ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.
ബാറ്റര്‍: ഹാരി ബ്രൂക്ക് (✈︎), ജേക് ഫ്രേസര്‍ മക്ഗൂര്‍ക് (✈︎), കരുണ്‍ നായര്‍, ഫാഫ് ഡു പ്ലെസി (✈︎)
ഓള്‍ റൗണ്ടര്‍: സമീര്‍ റിസ്വി, അശുതേഷ് ശര്‍മ, ദര്‍ശന്‍ നല്‍ക്കണ്ഡേ, വിപ്രജ് നിഗം, അജയ് മണ്ഡല്‍, മന്‍വന്ത് കുമാര്‍, ത്രിപുരാണ വിജയ്, മാധവ് തിവാരി, അക്‌സര്‍ പട്ടേല്‍.
വിക്കറ്റ് കീപ്പര്‍: കെ.എല്‍. രാഹുല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (✈︎), ഡൊണോവന്‍ ഫെരേര (✈︎), അഭിഷേക് പോരല്‍.
ബൗളര്‍: മിച്ചല്‍ സ്റ്റാര്‍ക് (✈︎), ടി. നടരാജന്‍, മോഹിത് ശര്‍മ, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര (✈︎), കുല്‍ദീപ് യാദവ്.
അതേസമയം, മുന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്ത് രഞ്ജി ട്രോഫിയില്‍ ദല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
റിഷബ് പന്ത്
സൗരാഷ്ട്രയ്‌ക്കെരിതായ മത്സരത്തിനുള്ള സ്‌ക്വാഡ് ദല്‍ഹി ഡിസ്ട്രിക്‌സ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) ജനുവരി 17ന് പുറത്തുവിടും. വിജയം അനിവാര്യമായ മത്സരത്തില്‍ ദല്‍ഹി പന്തിനെ തന്നെ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നാളെ ഉച്ചയ്ക്ക് ശേഷം ഒരു സെലക്ഷന്‍ മീറ്റിങ് വിളിച്ചുചേര്‍ക്കുന്നുണ്ട്, സൗരാഷട്രയ്‌ക്കെതിരായ എവേ മത്സരത്തില്‍ റിഷബ് പന്തിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതകളേറെയാണ്,’ മുതിര്‍ന്ന ഡി.ഡി.സി.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, വിരാട് കോഹ്‌ലി ടീമിന്റെ ഭാഗമാകുമോ എന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.
Content Highlight: Reports says Axar Patel will captain Delhi Capitals and Rishabh Pant will lead Delhi Ranji Trophy team