Advertisement
Entertainment
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് പലരും മാനസികാരോഗ്യ ചികിത്സ തേടുന്നത്: അര്‍ച്ചന കവി

മാനസികാരോഗ്യ ചികിത്സയെ കുറിച്ച് സംസാരിക്കുകയാണ് നടി അര്‍ച്ചന കവി. മറ്റേത് ചികിത്സയേക്കാളും ചെലവേറിയതാണ് മാനസികാരോഗ്യ ചികിത്സ എന്ന് അര്‍ച്ചന കവി പറയുന്നു. മറ്റ് രോഗങ്ങളെ പോലെ ചെറിയ സമയം കൊണ്ട് മാറുന്നതല്ലെന്നും വര്‍ഷങ്ങളോളം തുടരേണ്ട ചികിത്സയാണതെന്നും അര്‍ച്ചന കവി പറഞ്ഞു.

ആഴ്ചയില്‍ ഒരു തെറാപ്പിക്ക് കുറഞ്ഞത് 1500 രൂപ നല്‍കണമെന്നും സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് ഇതിനെ പണക്കാരുടെ രോഗം എന്ന് പറയുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. മാനസികാരോഗ്യ ചികിത്സയെ ഇതുവരെ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കമ്പനികള്‍ അതിന് തയ്യാറാകുന്നില്ലെന്നും അര്‍ച്ചന പറയുന്നു.

ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ ആശുപത്രിയുടെ റെക്കോഡില്‍ അന്ന് തൊട്ട് ആ വ്യക്തി മാനസിക വെല്ലുവിളിയുള്ള ആളാണെന്നും പിന്നീട് മറ്റ് ഏത് രോഗത്തിന് ആ ആശുപത്രിയില്‍ അഡ്മിറ്റായാലും ആ കാരണം പറഞ്ഞ് ഇന്‍ഷൂറന്‍സ് നിഷേധിക്കപ്പെടുമെന്നും അര്‍ച്ചന കവി പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

‘മറ്റേത് ചികിത്സയേക്കാളും ചെലവേറിയതാണ് മാനസികാരോഗ്യ ചികിത്സ. മറ്റ് രോഗങ്ങളെ പോലെ ചെറിയ സമയം കൊണ്ട് മാറുന്ന ഒന്നല്ല ഇത്. വര്‍ഷങ്ങളോളം തുടരേണ്ട ചികിത്സയാണ്. ആഴ്ചയില്‍ ഒരു തെറാപ്പിക്ക് കുറഞ്ഞത് 1500 രൂപ നല്‍കണം. സാധാരണക്കാരന് താങ്ങാനാവാത്തതാണിത്. അതുകൊണ്ടാണ് ഇതിനെ പണക്കാരുടെ രോഗമെന്ന് പറഞ്ഞ് കളിയാക്കുന്നത്.

മാനസികാരോഗ്യ ചികിത്സയെ ഇതുവരെ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കമ്പനികള്‍ തയ്യാറല്ല.

വേറൊരു സങ്കടകരമായ കാര്യം ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ ആശുപത്രിയുടെ റെക്കോഡില്‍ അന്ന് തൊട്ട് ആ വ്യക്തി മാനസിക വെല്ലുവിളിയുള്ള ആളാണ്. പിന്നീട് മറ്റ് ഏത് രോഗത്തിന് ആ ആശുപത്രിയില്‍ അഡ്മിറ്റായാലും ആ കാരണം പറഞ്ഞ് ഇന്‍ഷൂറന്‍സ് നിഷേധിക്കപ്പെടും.

പുതിയ ജനറേഷനിലുള്ളവര്‍ ഡിപ്രഷന്‍, പി.എം.ഡി.എസി എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലര്‍ പറയുന്നത്. നമുക്കെന്താ പണ്ട് ടെന്‍ഷനില്ലായിരുന്നോ, നിങ്ങള്‍ക്കെന്താ ഇപ്പോള്‍ അതിലും വലിയ ടെന്‍ഷന്‍ എന്നൊക്കെയാണ് ചോദിക്കുക. അതിനുത്തരം നിങ്ങള്‍ക്കും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. ചികിത്സ തേടിയില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് ചികിത്സ തേടുന്നത്. അത് എല്ലാവരും മനസിലാക്കണം,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Actress Archana Kavi talks About the importance of  mental health treatment