തമിഴിലെ മികച്ച നടന്മാരിലൊരാളായ വിജയകുമാറിന്റെ മകന്‍ എന്ന പേരിലാണ് അരുണ്‍ വിജയ് സിനിമയിലേക്ക് കടന്നുവന്നത്. 1995 മുതല്‍ അരുണ്‍ തമിഴ് സിനിമയുടെ ഭാഗമാണ്. എന്നാല്‍ തുടര്‍ച്ചയായി ഹിറ്റുകളില്ലാത്തത് താരത്തിന് തിരിച്ചടിയായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ എന്നൈ അറിന്താലാണ് അരുണ്‍ വിജയ്‌യുടെ കരിയര്‍ മാറ്റിമറിച്ചത്. പിന്നീട് താരത്തിന്റെ അത്ഭുതകരമായ വളര്‍ച്ചക്ക് തമിഴ് ഇന്‍ഡസ്ട്രി സാക്ഷ്യം വഹിച്ചു.
തന്റെ കരിയറില്‍ ഏറ്റവും പ്രയാസപ്പെട്ട് ചെയ്ത സീനിനെക്കുറിച്ച് സംസാരിക്കുകയാണ് അരുണ്‍ വിജയ്. എന്നൈ അറിന്താല്‍ എന്ന സിനിമയില്‍ അജിത്തുമായുള്ള ഫോണ്‍ സംഭാഷണരംഗം ചെയ്യാനാണ് താന്‍ ഏറ്റവുമധികം പ്രയാസപ്പെട്ടതെന്ന് അരുണ്‍ വിജയ് പറഞ്ഞു. അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള സീനായിരുന്നു അതെന്നും സിനിമയിലെ ഏറ്റവും മികച്ച സീനുകളിലൊന്നായിരുന്നെന്നും അരുണ്‍ വിജയ് കൂട്ടിച്ചേര്‍ത്തു.
അജിത്തും താനും തമ്മിലുള്ള സംഭാഷണമാണ് ആ സീനിന്റെ ഹൈലൈറ്റെന്നും എന്നാല്‍ തന്റെ ഡയലോഗുകള്‍ പറയുന്ന സമയത്ത് ഫോണിന്റെ അങ്ങേതലക്കല്‍ ആരും ഇല്ലായിരുന്നെന്നും അരുണ്‍ വിജയ് പറഞ്ഞു. അജിത്തിന്റെ ഡയലോഗുകള്‍ ആദ്യമേ ഷൂട്ട് ചെയ്‌തെന്നും അത് കേട്ട് അദ്ദേഹത്തിന്റെ മീറ്ററിന് മുകളില്‍ നില്‍ക്കുന്ന തരത്തില്‍ തനിക്ക് ഡയലോഗ് പറയേണ്ടി വന്നെന്നും അരുണ്‍ വിജയ് കൂട്ടിച്ചേര്‍ത്തു.
അജിത്തിന്റെ ഡയലോഗിന് ഇടയില്‍ കയറി സംസാരിക്കുന്ന ഭാഗങ്ങളുണ്ടെന്നും അതെല്ലാം കൃത്യമായി ഷൂട്ട് ചെയ്യാന്‍ ഒരുപാട് സമയമെടുത്തെന്നും അരുണ്‍ വിജയ് പറഞ്ഞു. കരിയറില്‍ മറ്റൊരു സീനിന് വേണ്ടിയും അത്രക്ക് എഫര്‍ട്ട് ഇട്ടിട്ടില്ലെന്നും തിയേറ്ററില്‍ ആ സീനിന് കിട്ടിയ റെസ്‌പോണ്‍സ് കണ്ടപ്പോള്‍ സന്തോഷമായെന്നും അരുണ്‍ വിജയ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അരുണ്‍ വിജയ്.
‘എന്റെ കരിയറില്‍ എറ്റവും പ്രയാസപ്പെട്ട് ഷൂട്ട് ചെയ്തത് എന്നൈ അറിന്താലിലെ ഫോണ്‍ കോള്‍ സീനാണ്. ആ സിനിമ കണ്ടാലറിയാം ആ സീനിന്റെ ഇംപാക്ട്. അഞ്ച് മിനിറ്റുള്ള ആ സീനില്‍ ഞാനും അജിത് സാറും തമ്മിലുള്ള ഡയലോഗുകളാണ് മെയിന്‍. അജിത് സാറിന്റെ ഡയലോഗ് ആദ്യമേ ഷൂട്ട് ചെയ്തു. എന്റെ സീന്‍ ചെയ്യുമ്പോള്‍ ഫോണിന്റെ അപ്പുറത്ത് ആരുമില്ല.
അദ്ദേഹം എങ്ങനെ ഓരോ ഡയലോഗു പറയുന്നു എന്നതനുസരിച്ച് വേണം ഞാന്‍ എന്റെ ഡയലോഗ് പറയാന്‍. ഇടയ്ക്ക് പുള്ളി പറയുന്നതിന്റെ ഇടക്ക് ഞാന് കേറി സംസാരിക്കുകയും വേണം. ഗൗതം സാര്‍ ഓരോ ഡയലോഗിനും കൃത്യമായ നിര്‍ദേശം തന്നിട്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്. തിയേറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍ ആ സീനിന് ആളുകള്‍. കൈയടിയായിരുന്നു. അത് കണ്ടപ്പോള്‍ സന്തോഷം തോന്നി,’ അരുണ്‍ വിജയ് പറയുന്നു.
Content Highlight: Arun Vijay says the phone call scene in Yennai Arindhaal movie was the toughest scene in his career