ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം യാഥാര്‍ത്ഥ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
”ഇടത് പാര്‍ട്ടികളുമായി സഖ്യം സാധ്യമാകാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. എന്തായാലും മറ്റൊരു തെരഞ്ഞടുപ്പ് ഉണ്ടാകുമല്ലോ? കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് രാഷ്ട്രീയത്തില്‍ വ്യത്യാസമുണ്ട്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ ഒരു മൂന്നാം മുന്നണിയായേനെ,” കമല്‍ ഹാസന്‍ പറഞ്ഞു.
ബി.ജെ.പിയുമായി ഒരു കാലത്തും സഖ്യത്തിനുണ്ടാകില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
”ബി.ജെ.പിക്കൊരിക്കലും തന്നെ വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. ബി.ജെ.പി എന്നെ ഇതുവരെ സമീപിച്ചിട്ടുമില്ല. കാശ് കൊടുത്ത് വാങ്ങാന്‍ പറ്റുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത് എന്ന് അവര്‍ക്ക് മനസിലായിട്ടുണ്ടാകും,” കമല്‍ ഹാസന്‍ പറഞ്ഞു.
നടന്‍ രജനീകാന്ത് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് കൊടുത്തതില്‍ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരുകള്‍ ഏത് കാലന്ത് എന്ത് ചെയ്താലും അതിലെല്ലാം രാഷ്ട്രീയമുണ്ടാകും, പക്ഷേ രജനീകാന്ത് ഫാല്‍ക്കേ പുരസ്‌കാരം അര്‍ഹിക്കുന്ന പ്രതിഭ തന്നെയാണെന്നായിരുന്നു മറുപടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.